Skip to main content

സാമാന്യ മര്യാദകളെ ലംഘിക്കുന്ന പരസ്യ പ്രസ്താവന നടത്തുന്നു എന്നതാണ് പി.സി ജോര്‍ജ് എന്ന രാഷ്ട്രീയ നേതാവിന്റെ കേരളത്തിലെ അസ്ഥിത്വം. ഇത്തരം പ്രസ്താവനകള്‍ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ അതിന്റെ കേള്‍വിക്കാര്‍ കൂടും എന്നതാണ് ചാനലുകാര്‍ക്ക് പി.സി ജോര്‍ജ് വളരെ ഇഷ്ടപ്പെട്ട പാനല്‍ അംഗം ആവുന്നത്. വ്യക്തികളെ വളരെ മോശം ഭാഷയില്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കാനും തനിക്ക് നേരിട്ടറിയാവുന്ന പോലെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്താനും പി.സി ജോര്‍ജ് മുന്‍പന്തിയിലാണ്. തന്റെ കമ്പോള സാധ്യത അവിടെയാണ് എന്ന തിരിച്ചറിവാകണം അദ്ദേഹത്തെ അതിന് മുതിരാന്‍ പ്രേരിപ്പിക്കുന്നത്. 

തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ കേരളത്തിലെ ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു പ്രസ്ഥാവന അദ്ദേഹം ഉയര്‍ത്തുകയുണ്ടായി. ലൗ ജിഹാദിനെ കുറിച്ചായിരുന്നു അത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രസ്ഥാവിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ജോര്‍ജ് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ എത്തിയത്. തുടര്‍ന്ന് തന്റെ മണ്ഡലത്തില്‍ തന്നെ 47 സുന്ദരികളായ യുവതികളെ കാണാനില്ലെന്നുള്ള പ്രസ്ഥാവനയുമായി ജോര്‍ജ് രംഗത്തെത്തി. ജോര്‍ജിന്റെ ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ക്ക് ചെവികൊടുക്കാന്‍ ആളുകള്‍ കൂടും എന്നതും വസ്തുതയാണ്. കേരളത്തിലെ പൊതുമാധ്യമങ്ങള്‍ ഇത്തരം പ്രസ്ഥാവനകള്‍ പരിശോധിക്കേണ്ടതും ഇത്തരം പ്രസ്ഥാവനകളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയേണ്ടതുമാണ്. എങ്കില്‍ മാത്രമെ മാധ്യമങ്ങള്‍ മതേതരസ്വഭാവം പുലര്‍ത്തുന്നു എന്ന് അവകാശപ്പെടാന്‍ കഴിയുകയുള്ളൂ.