Skip to main content

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 2.4 ലക്ഷം കൊവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയിലെ ആള്‍ക്കൂട്ടത്തെ രാജ്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രണ്ട് തവണ ഞാന്‍ ഇവിടെ വന്നിരുന്നു. അവസാനമായി കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയൊയ്ക്ക് വേണ്ടി വോട്ട് ചോദിക്കാനാണ് വന്നത്. ആദ്യം ഞാന്‍ എനിക്ക് വേണ്ടിയും വന്നു. അന്നൊക്കെ ഇതിന്റെ നാലിലൊന്ന് ആള്‍ക്കൂട്ടം മാത്രമായിരുന്നു. എന്നാല്‍ ഇന്ന് എല്ലാ അര്‍ത്ഥത്തിലും ഒരു വലിയ ആള്‍ക്കൂട്ടത്തെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ഇന്ന് നിങ്ങള്‍ നിങ്ങളുടെ ശക്തി തെളിയിച്ചു. അടുത്ത നീക്കം ഇതിലും പ്രധാനപ്പെട്ടതാണ്. വോട്ട് ചെയ്യുക.' നരേന്ദ്രമോദി പറഞ്ഞു.

ബംഗാളില്‍ കൊവിഡ്-19 രൂക്ഷമാവുന്ന സാഹചര്യത്തിലും ആള്‍ക്കൂട്ടങ്ങളെ അണിചേര്‍ത്ത് പ്രചരണ റാലികളുമായി മുന്നോട്ട് പോകുന്ന ബി.ജെ.പിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ' രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ആളുകള്‍ രോഗികള്‍ ആവുന്നതും ജീവന്‍ നഷ്ടപ്പെടുന്നതും' എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത് . കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി ബംഗാളിലെ റാലികള്‍ റദ്ദാക്കിയിരുന്നു. ഒപ്പം ജനങ്ങള്‍ വലിയ തോലില്‍ കൂടിചേരാനിടയാക്കുന്ന റാലികള്‍ ഒഴിവാക്കാനും നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.