Skip to main content

കൊവിഡിന്റെ രണ്ടാം വരവില്‍ സംസ്ഥാനത്ത് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തവണ തൃശൂര്‍ പൂരം നടത്തരുതെന്ന അഭിപ്രായവുമായി നടി പാര്‍വ്വതി തിരുവോത്ത്. ഈ സാഹചര്യത്തില്‍ അല്പം മനുഷ്യത്വം നല്ലതാണെന്നും താരം പറഞ്ഞു. തൃശൂര്‍ പൂരത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തക ഷാഹീന നഫീസയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വ്വതി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കൊവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും രോഗമുണ്ടാവുകയാണ് ഈ ആഘോഷം കൊണ്ട് ഉണ്ടാവാന്‍ പോകുന്നത്.' എന്നാണ് ഷാഹിന നഫീസ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞത്.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവന നടത്തിയിരുന്നു. തൃശൂര്‍ ജില്ലയില്‍ മാത്രം പ്രതിദിന കൊവിഡ് ബാധിച്ചവര്‍ ആയിരം കടക്കുകയും ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തി നില്‍ക്കുകയും ചെയ്യുന്ന സമയത്തുള്ള തൃശൂര്‍ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു. പലയിടത്തുനിന്നും വന്ന് ഒത്തുകൂടുന്ന ജനങ്ങളാണ് പൂരത്തെ പൂര്‍ണ്ണമാക്കുന്നത്. എന്നാല്‍ അത്തരം ഒത്തുകൂടല്‍ ജനവിരുദ്ധമാകുന്ന മഹാമാരിയുടെ സമയത്താണ് നാം ജീവിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഓക്‌സിജനും മരുന്നുകള്‍ക്കുപോലും ക്ഷാമം നേരിടാമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.