Skip to main content

രാജ്യം കൊവിഡ് വ്യാപനത്തിന്റെ ആശങ്കയിലാണ്. സംസ്ഥാനത്തും ഇലക്ഷന് ശേഷം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഐ.സി.യുകളും വെന്റിലേറ്ററുകളും മതിയാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളിലെ തീവ്രപരിചരണ വിഭാഗത്തില്‍ രോഗികള്‍ കൂടുതലാണ്. സംസ്ഥാനത്ത് ആകെയുള്ള 9774 ഐ.സി.യു കിടക്കകളില്‍ 609 കൊവിഡ് രോഗികള്‍ ഉണ്ട്. കൊവിഡ് ഇതര രോഗികള്‍ വേറെയും. 3748 വെന്റിലേറ്ററുകളിലായി 185 കൊവിഡ് രോഗികളുമുണ്ട്.

കൊവിഡ് രോഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൊവിഡ് രോഗികള്‍ക്ക് മാത്രമായി ഐസിയു വെന്റിലേറ്റര്‍ സംവിധാനം മാറ്റി വയ്ക്കാനുള്ള നീക്കത്തിലാണ് ആശുപത്രി അധികൃതര്‍. നിലവിലെ രീതിയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ശക്തമായി തുടര്‍ന്നാല്‍ എല്ലാം താളം തെറ്റുമോ എന്ന ഭയവും നിലനില്‍ക്കുന്നുണ്ട്. രോഗ വ്യാപനം കൂടിയ സാഹചര്യത്തില്‍ കൊവിഡ് രോഗികള്‍ക്ക് മാത്രമായി പഴയപോലെ ചില ആശുപത്രികള്‍ പരിമിതപ്പെടുത്തുന്നതും സജീവ പരിഗണനയിലുണ്ട്. 

കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ ആശങ്കയുള്ളത്. തിരുവനന്തപുരത്ത് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലായി 1,515 ഐസിയു കിടക്കകളില്‍ 111 എണ്ണത്തില്‍ കൊവിഡ് രോഗികളാണ്. 570 വെന്റിലേറ്ററില്‍ 31 എണ്ണത്തിലും കൊവിഡ് രോഗികളുണ്ട്. തിരുവനന്തപുരത്ത് ആശങ്കയുയര്‍ത്തി മരണസഖ്യയും കൂടുകയാണ്. കൊവിഡ് ബാധ തുടങ്ങിയ ശേഷം ഇതുവരെ തിരുവനന്തപുരം ജില്ലയില്‍ 892പേരാണ് രോഗം ബാധിച്ച് മരിച്ചത്. പോസിറ്റീവായ ആയിരം രോഗികളില്‍ 8 പേര്‍ക്കാണ് മരണം സംഭവിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്.