Skip to main content

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സ്‌റ്റോക്ക് ആവശ്യത്തിനില്ലാത്തത് വാക്‌സിനേഷന്‍ ക്യാംപുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. എല്ലാ ജില്ലകളിലും വാക്‌സിന്‍ സ്‌റ്റോക്ക് കുറവാണെന്ന് അധികൃതര്‍ വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തലത്തില്‍ നടത്തുന്ന ക്യാംപുകളില്‍ വലിയ രീതിയില്‍ വിതരണം നടത്തിയതോടെയാണ് ക്ഷാമം വന്നത്. ആവശ്യമായ സ്‌റ്റോക്ക് എത്തിയിട്ടുമില്ല. നിലവിലെ സ്‌റ്റോക്ക് കൊണ്ട് ക്യാംപുകള്‍ നടത്താന്‍ കഴിയില്ലെന്ന് അധികൃതര്‍ പറയുന്നു.

എറണാകുളം, കൊച്ചി, കോഴിക്കോട് മേഖലകളിലാണ് പ്രധാന വാക്‌സിന്‍ സംഭരണ കേന്ദ്രങ്ങളുള്ളത്. തിരുവനന്തപുരം ജില്ലയില്‍ ശരാശരി 30,000 പേര്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കുന്നുണ്ട്. ഇനി അവശേഷിക്കുന്നത് 15,000 ഡോസുകള്‍ മാത്രമാണ്. ഏപ്രില്‍ 20നകം കേന്ദ്രം അനുവദിച്ച വാക്‌സിന്‍ എത്തുമെന്നാണ് പ്രതീക്ഷ. 45 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ദൗര്‍ലഭ്യം തിരിച്ചടിയാവുന്നതായാണ് വിവരം.