Skip to main content

മന്ത്രി പി.തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സി.പി.ഐയില്‍ നിന്ന് പുറത്താക്കി. ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയായ പി.പ്രദ്യുതിനെയാണ് പുറത്താക്കിയത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിനെ തുടര്‍ന്നാണ് നടപടി. ചേര്‍ത്തലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പ്രസാദിനെ തോല്‍പ്പിക്കണമെന്നുള്ള പ്രചരണങ്ങളും പ്രദ്യുത് നടത്തിയെന്ന് പാര്‍ട്ടിക്ക് വിവരം ലഭിച്ചിരുന്നു.  പി.പ്രസാദിനെതിരെയുള്ള പ്രദ്യുതിന്റെ ഇടപെടലിനെക്കുറിച്ച് മണ്ഡലം കമ്മിറ്റിക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കരുവ ലോക്കല്‍ കമ്മിറ്റി കൂടി  പ്രദ്യുതിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. മന്ത്രി പി.തിലോത്തമന്റെ സാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. 

പി.തിലോത്തമന്റെ മറ്റ് പേഴ്സണല്‍ അംഗങ്ങള്‍ക്കെതിരേയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മന്ത്രി പി.തിലോത്തമന്റെ ഏറ്റവും വിശ്വസ്തനായ ആളാണ് പ്രദ്യുത്. എം.എല്‍.എ ആയിരിക്കെ രണ്ട് വര്‍ഷം തുടര്‍ച്ചയായി പ്രൈവറ്റ് സെക്രട്ടറി ആയി. മന്ത്രി ആയിരിക്കെ ഒരു ലക്ഷം രൂപ ശമ്പളത്തില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിച്ചു. പാര്‍ട്ടി നിരന്തരം പരിഗണിച്ച ഒരാള്‍ തിരഞ്ഞെടുപ്പില്‍ പി.പ്രസാദിനെതിരെ പ്രവര്‍ത്തിച്ചത് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.