Skip to main content

വോട്ടെടുപ്പ് ദിനത്തിലും കളം നിറഞ്ഞ് ശബരിമലയും വിശ്വാസവും. പ്രചരണവേളയില്‍ യു.ഡി.എഫും ബി.ജെ.പിയുമാണ് ശബരിമല സ്ത്രീപ്രവേശന വിധി മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ ധ്രുവീകരണ സാധ്യത തേടിയതെങ്കില്‍ ഇലക്ഷന്‍ ദിനത്തില്‍ മുന്നണി ഭേദമില്ലാതെ നേതാക്കള്‍ വിശ്വാസികളും ദൈവങ്ങളും കൂടെയുണ്ടെന്ന് പ്രഖ്യാപിച്ചു. ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വോട്ടെടുപ്പ് ദിനത്തിലെ ചര്‍ച്ചകളെ വിശ്വാസ സംബന്ധിയാക്കിയത്. ശബരിമല വിഷയം ഉയര്‍ത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണമാണ് തുടര്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് മുഖ്യമന്ത്രി ശബരിമലയെക്കുറിച്ച് പറഞ്ഞത്. 

എന്‍.എസ്.എസ് പൊതുവെ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കാറുള്ള സമദൂര നിലപാട് ഉപേക്ഷിക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു സുകുമാരന്‍ നായരുടെ ഇന്നത്തെ പ്രതികരണം. സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് പ്രകടിപ്പിക്കുന്ന ഈ പ്രസ്താവന പിന്നീട് വോട്ടെടുപ്പ് ദിനത്തിലെ ചര്‍ച്ചകളുടെ അജണ്ട നിര്‍ണയിക്കുന്നതായി മാറുകയായിരുന്നു.

അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണ്. കാരണം സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ്. പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ജനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തവര്‍ക്കൊപ്പമാണ് ദേവഗണങ്ങള്‍ നിലകൊള്ളുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ചരിത്ര വിജയം ജനങ്ങള്‍ സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയോട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ശക്തമായ പ്രതികരണമാണ് നടത്തിയത്. ശബരിമല വിഷയത്തില്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് അത്ഭുതപ്പെടുത്തിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്‍.എസ്.എസിന്റെ നിലപാട് വിമര്‍ശിച്ചിരുന്ന അദ്ദേഹം ഇന്ന് ആ നിലപാട് അനുകൂലിച്ച് ഒരു പ്രസ്താവന നടത്തുന്നത് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രതികാരം ചെയ്യും എന്ന ഭയം കൊണ്ടുമാത്രമാണ്. കേരളത്തിലെ ഒരു വിശ്വാസിയും മുഖ്യമന്ത്രിയെ വിശ്വസിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. 

കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കളും വിശ്വാസത്തെയും ദൈവങ്ങളെയും കൂട്ടുപിടിച്ചു. ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നുവെങ്കില്‍ അതെല്ലാം ഇത്തവണ ഇടതുപക്ഷത്തിനാകുമായിരുന്നെന്ന് കോടിയേരി പറഞ്ഞു. എല്ലാ വിശ്വാസികളും വിശ്വാസമര്‍പ്പിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിനും ബി.ജെ.പിക്കും മറ്റൊരു വിഷയവും സര്‍ക്കാരിനെതിരെ പറയാനില്ലാത്തതിനാലാണ് ശബരിമലയെക്കുറിച്ചുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കാനം ആരോപിച്ചു. 

അയ്യപ്പ കോപവും ജനങ്ങളുടെ കോപവും പിണറായി സര്‍ക്കാരിനെതിരെയുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു. നിരീശ്വരവാദിയായ പിണറായി വിജയന്‍ ഇപ്പോള്‍ അയ്യപ്പന്റെ കാല് പിടിക്കുകയാണെന്നും രമേശ് ചെന്നിത്തല. എല്‍.ഡി.എഫ് കടപുഴകുമെന്നും, ബിജെപിയുടെ അഡ്രസ് പോലുമുണ്ടാകില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി. കെ. മുരളീധരന്‍, ശശി തരൂര്‍ തുടങ്ങിയവരും വിഷയം ഏറ്റെടുത്തതോടെ വോട്ടെടുപ്പ് ദിനത്തിലും ശബരിമലയും വിശ്വാസവും കളം നിറയുകയാണ്.