Skip to main content
ആര്‍.എം.പി-എല്‍.ഡി.എഫ് പോരാട്ടം നടക്കുന്ന വടകരയില്‍ മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ കെ.കെ രമയെ സന്ദര്‍ശിച്ച പഴയ ചിത്രങ്ങള്‍ ആര്‍.എം.പി പ്രചാരണത്തിന് ഉപയോഗിക്കുന്നതായി സി.പി.എം. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് എല്‍.ഡി.എഫ്. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സമയത്താണ് വി.എസ് അച്യുതാനന്ദന്‍ കെ.കെ രമയെ സന്ദര്‍ശിച്ചത്. മനുഷ്യനെ വെട്ടിനുറുക്കാന്‍ മറ്റൊരു മനുഷ്യനെങ്ങനെ കഴിയും എന്ന വി.എസിന്റെ വാചകം തലക്കെട്ടായി വന്ന ലേഖനത്തിനൊപ്പമാണ് വി.എസ് രമയെ സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രവും വന്നിരിക്കുന്നത്. വി.എസിനെ സംബന്ധിച്ച് പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ ടി.പി വധത്തെക്കുറിച്ച് പറയുന്ന വാചകമാണിത്. ലഘുലേഖയ്ക്ക് പുറമെ ഈ ചിത്രം മണ്ഡലത്തിലെ പല ഭാഗങ്ങളിലും ഫ്ളക്സ് ബോര്‍ഡുകളായും ഉയര്‍ന്നിട്ടുണ്ട്.
 
ഇത് സംഘര്‍ഷത്തിന് കാരണമായേക്കാമെന്നും എല്‍.ഡി.എഫിന്റെ പരാതിയില്‍ വ്യക്തമാക്കുന്നു. ഈ ചിത്രങ്ങള്‍ക്ക് ഒപ്പം കോഴിക്കോട്ടെ മുതിര്‍ന്ന സി.പി.എം നേതാവായിരുന്ന എം.കെ കേളുവിന്റെ ചിത്രങ്ങളും ഉപയോഗിക്കുന്നതായി പരാതിയിലുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.