Skip to main content

കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം ശരണം വിളികളോടെ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേര് പറഞ്ഞ പ്രധാനമന്ത്രി അയ്യപ്പഭഗവാന്റെ ആത്മീയതയുടെ മണ്ണിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു. കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും അഹങ്കാരികള്‍ ആയിരിക്കുകയാണെന്നും സോളാര്‍, സ്വര്‍ണം, ഭൂമി തുടങ്ങി എല്ലാ മേഖലയും കൊള്ളയടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം നാട്ടിലെ വിശ്വാസികളോട് ലാത്തി കൊണ്ട് നേരിടുന്ന ഭരണകൂടം വേറെ എവിടെയുണ്ടെന്നും നരേന്ദ്രമോദി ആരോപിച്ചു.

പ്രധാനമന്ത്രിയുടെ വാക്കുകള്‍; 

കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും 7 തെറ്റുകള്‍ ചെയുന്നു. ഇരു മുന്നണികളും അഹങ്കാരികള്‍ ആയിരിക്കുന്നു. രണ്ട് മുന്നണികള്‍ക്കും പണത്തിനോടാണ് കൂടുതല്‍ ആഗ്രഹം. എല്‍ഡിഎഫും യുഡിഎഫും പരസ്പരം അഴിമതി നടത്താന്‍ മത്സരിക്കുന്നു. സോളാര്‍, സ്വര്‍ണം, ഭൂമി തുടങ്ങി എല്ലാ മേഖലയും കൊള്ളയടിക്കുന്നു. സ്വന്തം നാട്ടിലെ വിശ്വാസികളോട് ലാത്തി കൊണ്ട് നേരിടുന്ന ഭരണകൂടം വേറെ എവിടെയുണ്ട്.

ഒരു മുന്നണി ഉണ്ടാക്കുന്നതിനേക്കാള്‍ അധികം പണം ഉണ്ടാക്കാന്‍ മറ്റേ മുന്നണി മത്സരിക്കുകയാണ്. വര്‍ഗീയ ശക്തികള്‍ അടക്കമുള്ളവരുമായി സഖ്യം ഉണ്ടാക്കി അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്നു. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ളവരുമായി എല്‍.ഡി.എഫ് - യു.ഡി.എഫ് ധാരണ ഉണ്ടാകുന്നു. കേരളത്തില്‍ കുടുംബാധിപത്യ രാഷ്ട്രീയമാണ് നടക്കുന്നത്. പ്രമുഖ നേതാക്കളുടെ മക്കളുടെ പ്രവര്‍ത്തനങ്ങളും അതിന്റെ തെളിവാണ്. 

കേരളത്തിന്റെ സംസ്‌കാരത്തെ എല്‍.ഡി.എഫ് ആക്ഷേപിച്ചു. കേരളത്തിലെ പുണ്യ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇടത് പക്ഷം ഏജന്റുമാരെ ഉപയോഗിച്ചു. അയ്യപ്പ ഭക്തരെ ലാത്തി ഉപയോഗിച്ച് അടിച്ച സര്‍ക്കാരാണിത്. ഭക്തര്‍ കുറ്റവാളികള്‍ അല്ല. ഇടതു പക്ഷത്തിന്റെ കള്ളത്തരങ്ങള്‍ അധികനാള്‍ വില പോകില്ലെന്നും ഇറക്കു മതി ചെയ്ത പ്രത്യയ ശാസ്ത്രത്തിന്റെ പേരില്‍ നാടിന്റെ സംസ്‌കാരത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും നാടിന്റെ സംസ്‌കാരത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ ബി.ജെ.പി പ്രവര്‍ത്തകര്‍ ചെറുത്ത് തോല്‍പ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.