Skip to main content

പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഉപരിയായി സ്ഥാനാര്‍ത്ഥികളുടെ പൊതുസ്വീകാര്യത വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ സ്വാധീനം ചെലുത്താറുള്ള മണ്ഡലമാണ് ചാലക്കുടി. ആര്‍ക്കും ബാലികേറാമല അല്ല ചാലക്കുടി നിയമസഭാ മണ്ഡലം. പൊതുസഹചര്യങ്ങള്‍ക്കു സ്ഥാനാര്‍ത്ഥിക്കും അനുസരിച്ച് വോട്ടുചെയ്യുന്ന നിഷ്പക്ഷ വോട്ടര്‍മാര്‍ ഈ മണ്ഡലത്തില്‍ ഏറെ ഉള്ളതിനാല്‍ അവരാണ് ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നത്. മണ്ഡലം ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥി ആകാനുള്ള നറുക്ക് വീണിരിക്കുന്നത് ഡെന്നിസ് ആന്റണി എന്ന മുന്‍ കോണ്‍ഗ്രസ് നേതാവിനാണ്. യു.ഡി.എഫില്‍ സനീഷ് കുമാര്‍ ജോസഫ് ആണ് സ്ഥാനാര്‍ത്ഥി. എന്‍.ഡി.എ.ക്കായി ചാലക്കുടിയിലെ പരിചിത മുഖവും ബി.ഡി.ജെ.എസ്സിന്റെ മുതിര്‍ന്ന നേതാവുമായ കെ.എ. ഉണ്ണികൃഷ്ണനാണ് മത്സരിക്കുന്നത്. 

ബി.ഡി.ദേവസി ക്ക് കഴിഞ്ഞ തവണ 26448 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ ചാലക്കുടി സമ്മാനിച്ചത്. എന്‍.ഡി.എ.വോട്ട് വിഹിതത്തില്‍ ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടാക്കിയപ്പോള്‍ യു.ഡി.എഫിന്റെ വിഹിതം കുത്തനെ ഇടിഞ്ഞു. എന്നാല്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വോട്ട് വിഹിതം ഗണ്യമായി ഉയര്‍ത്തി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചാലക്കുടി നഗരസഭാ ഭരണം തിരിച്ച് പിടിക്കാനും യു.ഡി.എഫിന് കഴിഞ്ഞു എന്നത് അവര്‍ക്ക് ആത്മവിശ്വാസം പകരുന്ന ഘടകമാണ്. എന്നാല്‍ മണ്ഡലത്തിന്റെ ഭാഗമായ പഞ്ചായത്തുകളില്‍ ഒന്നൊഴികെ എല്ലാറ്റിലും എല്‍.ഡി.എഫിന് തന്നെയാണ് ഭരണം. ലോക് സഭാ തിരഞ്ഞെടുപ്പിലും എന്‍.ഡി.എ.യ്ക്ക് വോട്ട് വിഹിതത്തില്‍ വലിയ കുറവുണ്ടാകാതെ കാക്കാനായി. 

ഡെന്നീസ് ആന്റണിയെന്ന സ്ഥാനാര്‍ഥിയുടെ പൊതു സ്വീകാര്യത വോട്ടായി മാറുമെന്ന പ്രതീക്ഷ ചാലക്കുടിയിലെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കുണ്ട്.കൂടാതെ ക്രൈസ്തവ സഭയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ആദിവാസി മേഖലകളിലടക്കം മണ്ഡലത്തിലെ എല്ലാ മേഖലകളിലും ഡെന്നീസിന്റെ ബന്ധത്തിന് വേരുകളുണ്ട്. 15-വര്‍ഷമായി നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുന്നതിന് കൈവന്ന സുവര്‍ണാവസരമായാണ് യു.ഡി.എഫ്. ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. 

ജില്ലയില്‍ ആദ്യം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഉണ്ണികൃഷ്ണനാണ്. കഴിഞ്ഞ തവണ തനിക്ക് ലഭിച്ച 26229 വോട്ട് തന്നെയാണ് കെ.എ ഉണ്ണികൃഷ്ണന്റെ തുറുപ്പു ചീട്ട്. വളര്‍ന്നുകൊണ്ടിരിക്കുന്ന മുന്നണിയായ എന്‍.ഡി.എ.യെ പിന്തുണയ്ക്കാന്‍ ഇക്കുറി കൂടുതല്‍ വോട്ടര്‍മാര്‍ രംഗത്ത് വരുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹവും മുന്നണിയും.