എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്തയച്ചു. ഇ.ഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാന്‍ തന്നെ നിര്‍ബന്ധിച്ചെന്ന് സന്ദീപ് നായര്‍ കത്തില്‍ പറയുന്നു. അന്വേഷണം വഴിതെറ്റിക്കാന്‍ ഇഡി ശ്രമിക്കുന്നതായും കത്തില്‍ പറയുന്നു. ഇത്തരത്തില്‍ പേരുകള്‍ പറഞ്ഞാല്‍ ജാമ്യം ലഭിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ സഹായിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കത്തില്‍ വ്യക്തമാക്കുന്നു. മൂന്നുപേജുള്ള കത്താണ് പുറത്തുവന്നിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇ.ഡിക്കെതിരെ രണ്ട് വനിതാ പോലീസുകാരും മൊഴി നല്‍കിയിരുന്നു. നിര്‍ബന്ധിച്ച് മൊഴി രേഖപ്പെടുത്തി എന്നത് അടക്കമുള്ള കാര്യങ്ങളാണ് വനിതാ പോലീസുകാരും പറഞ്ഞിരുന്നത്.