Skip to main content

ഉത്തരാഖണ്ഡ് ബി.ജെ.പിയില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ചു. പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമായതോടെയാണ് രാജി. പാര്‍ട്ടി എം.എല്‍.എമാര്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന നീരസവും മന്ത്രിസഭ വിപുലീകരണത്തിനായുള്ള മുറവിളികളും കണക്കിലെടുത്ത് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ രമണ്‍ സിങിന്റെ നേതൃത്വത്തില്‍ നേരത്തെ സംസ്ഥാന കോര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് നേതൃമാറ്റം വരുന്നതായുള്ള സൂചനകള്‍ ശക്തിപ്പെട്ടത്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ ഈ രാഷ്ട്രീയ പ്രതിസന്ധി ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് ജനപിന്തുണ നഷ്ടമായെന്നാണ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പരാതി. മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് പല എം.എല്‍.എമാരും ഭീഷണി മുഴക്കിയിരുന്നു. ധന്‍ സിംഗ് റാവത്ത് പകരം മുഖ്യമന്ത്രിയാകും. നിലവില്‍ ഉന്നതവിദ്യാഭ്യാസമന്ത്രിയാണ് ധന്‍ സിംഗ് റാവത്ത്. പാര്‍ട്ടി നല്‍കിയ അവസരങ്ങള്‍ക്ക് നന്ദിയെന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.