Skip to main content

രണ്ട് തവണയില്‍ കൂടുതല്‍ മല്‍സരിച്ച് ജയിച്ചവര്‍ക്ക് ഇനി അവസരം നല്‍കില്ല എന്ന സി.പി.എം സെക്രട്ടേറിയറ്റിന്റെ തീരുമാനം പാര്‍ട്ടിയിലെ മുഖ്യമന്ത്രിയുടെ സ്വാധീനത്തെ ഉയര്‍ത്തിക്കാണിക്കുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കേരളത്തില്‍ സി.പി.എം പിണറായി വിജയന്റെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ചാണ് നീങ്ങുന്നത് എന്നുള്ളത് ഏറെക്കുറെ വ്യക്തം തന്നെയാണ്. ഇപ്പോള്‍ സെക്രട്ടേറിയറ്റിന്റെ പുതിയ തീരുമാനം തനിക്ക് പ്രിയങ്കരര്‍ അല്ലാതിരുന്ന അംഗങ്ങളെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ചടുലമായ നീക്കമായി മാത്രമെ കാണാന്‍ സാധിക്കുകയുള്ളൂ. 

വീണ്ടും എല്‍.ഡി.എഫ് അധികാരത്തില്‍ വരികയാണെങ്കില്‍ തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ നിന്ന് ഡോ തോമസ് ഐസക്കിനെ അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗം കൂടി ആയിരിക്കണം ഈ തീരുമാനത്തിന്റെ പിറകില്‍. സെക്രട്ടേറിയറ്റിന്റെ ഈ തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച് കഴിഞ്ഞാല്‍ അത് ജില്ലാ കമ്മിറ്റിക്ക് അയച്ചുകൊടുക്കും. ജില്ലാ കമ്മിറ്റികള്‍ നിര്‍ദേശിക്കുന്ന തീരുമാനങ്ങള്‍ നേതൃത്വത്തില്‍ എത്തുകയും ആ തീരുമാനങ്ങള്‍ തിരഞ്ഞെടുപ്പിലെ ജയസാധ്യതയെ പരിഗണിച്ച് മാനിക്കുന്നതിനും സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ നിലവിലുള്ള മന്ത്രിസഭയില്‍ രണ്ട് തവണയില്‍ കൂടുതല്‍ മല്‍സരിക്കുകയും മന്ത്രിമാരാകുകയുമൊക്കെ ചെയ്ത ചില അംഗങ്ങള്‍ വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നുവെന്നിരിക്കാം. ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഡോ തോമസ് ഐസക്കിന്റെ പേര് നിര്‍ദേശിക്കപ്പെട്ടില്ലെന്നും വരാം. ഈ തന്ത്രം സി.പി.എം സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന് പിന്നില്‍ ഒളിഞ്ഞിരിപ്പില്ലെ എന്ന് സംശയിച്ചാല്‍ അത് വരും ദിവസങ്ങളിലെ സംഭവങ്ങളിലൂടെ മാത്രമെ നിരാകരിക്കാന്‍ കഴിയുകയുള്ളൂ.