Skip to main content

കണ്ണൂരുകാരനും നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ ശ്രീനിവാസന്‍ പല തവണയായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് അണികളെ തമ്മില്‍തല്ലാനും ഇല്ലാതാക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ എറിഞ്ഞുകൊടുക്കുന്നു എന്ന്. വിഡ്ഢികളായ അണികള്‍ നേതാക്കള്‍ക്ക് വേണ്ടി കൊല്ലുകയും ചാവുകയുമൊക്കെ ചെയ്യുന്നുവെന്ന്. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നു ശ്രീ എമ്മിന്റെ സാന്നിധ്യത്തിലെ ചര്‍ച്ച മനുഷ്യജീവന്‍ രക്ഷിക്കാന്‍ വേണ്ടി നടത്തിയ ചര്‍ച്ച ആയിരുന്നുവെന്ന്. ഏതായാലും എമ്മിന്റെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് നേതാക്കളും സി.പി.എം നേതാക്കളും ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തിയതിന് ശേഷം കണ്ണൂരില്‍ ഒട്ടേറെ ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാരെയും സഹോദരിമാര്‍ക്ക് സഹോദരന്മാരെയും അമ്മമാര്‍ക്ക് മക്കളേയും നഷ്ടപ്പെടാത്ത ഒരവസ്ഥ സംജാതമായി. ഒട്ടേറെ മനുഷ്യജീവനുകള്‍ കേരളത്തില്‍ തമ്മില്‍ക്കൊലകൊണ്ട് നഷ്ടപ്പെടാതെ ആയി. 

ഇതിന്റെ അര്‍ത്ഥം ശ്രീനിവാസന്‍ പറഞ്ഞത് 100 ശതമാനം ശരിയായിരുന്നു എന്നതാണ്. നേതൃത്വം വിചാരിച്ചുകഴിഞ്ഞാല്‍ നിലയ്ക്കുന്നതാണ് കണ്ണൂരിലെ ഓരോ കൊലപാതകവും എന്ന്. ഇതുവരെ നടന്നിട്ടുള്ള രാഷ്ട്രീയകൊലപാതകങ്ങളുടെ ഉത്തരവാദിത്വം നേതാക്കള്‍ക്ക് തന്നെയാണെന്ന ശ്രീനിവാസന്റെ ഈ വിളിച്ചുപറച്ചില്‍ പരിപൂര്‍ണ്ണമായി ശരിയാണ് എന്ന് സമര്‍ത്ഥിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്ഥാവന.