Skip to main content

മന്ത്രി എ.കെ ബാലന്റെ ഭാര്യയുടെ പേര് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ സാധ്യതാ പട്ടികയില്‍ ഇടം നേടിയെന്ന് വാര്‍ത്തയ്‌ക്കെതിരെ മന്ത്രി. ഇത്തരം വാര്‍ത്തകള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും ഒരു കേന്ദ്രത്തില്‍നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാര്യയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. 

ഡോ. പി.കെ. ജമീല റിട്ട. ആരോഗ്യവകുപ്പ് ഡയറക്ടറാണ്. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായിരുന്ന പി.കെ. കുഞ്ഞച്ചന്റെ മകളാണ്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡോക്ടറായും ജില്ലാ മെഡിക്കല്‍ ഓഫീസറായും സേവനമനുഷ്ഠിച്ചിരുന്ന അവര്‍ നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ 'ആര്‍ദ്രം' പദ്ധതിക്ക് നേതൃത്വംനല്‍കുന്നു.

കഴിഞ്ഞദിവസം നടന്ന സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റിലാണ് എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയുടെ പേരും സാധ്യതപട്ടികയിലിടം നേടിയത്. തരൂര്‍ മണ്ഡലത്തിലേക്ക് പരിഗണിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടികയിലാണ് ജമീലയുടെ പേരും ഉണ്ടായിരുന്നത്. എന്നാല്‍ ജമീലയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ജില്ലാ സെക്രട്ടേറിയേറ്റില്‍ എതിര്‍പ്പുയര്‍ന്നതായാണ് വിവരം. പി.കെ. ശശി, എം.ബി. രാജേഷ്, സി.കെ. ചാത്തുണ്ണി, വി.കെ. ചന്ദ്രന്‍, വി. ചെന്താമരാക്ഷന്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ ജമീലയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തെന്നായിരുന്നു റിപ്പോര്‍ട്ട്.