Skip to main content

സമീപകാലത്തുണ്ടാവുന്ന ചില സംഭവങ്ങളില്‍ നിന്ന് മനസ്സിലാകുന്നത് യു.പി.എസ്.സിക്ക് പലപ്പോഴും തെറ്റ് പറ്റുന്നു എന്നതാണ്. സമീപകാലത്ത് പല ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും നടപടികള്‍ അത്തരം ചിന്തയിലേക്ക് നയിക്കുന്നതാണ്. കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ആയ പ്രശാന്ത് തന്നോട് വാട്‌സ് ആപ്പില്‍ ചാറ്റ് ചെയ്ത പത്രപ്രവര്‍ത്തകയോട് വളരെ മോശപ്പെട്ട രീതിയില്‍ പെരുമാറി. പിറ്റേ ദിവസം അത് വാര്‍ത്ത ആവുകയും ചെയ്തു. മാതൃഭൂമിയിലെ പ്രവിത എന്ന ലേഖികയോടാണ് പ്രശാന്ത് ഈ രീതിയില്‍ പെരുമാറിയത്. അത് വാര്‍ത്ത ആയതോടെ പണി പാളി എന്ന് മനസ്സിലായ പ്രശാന്ത് താമസ്സിയാതെ തന്റെ ഭാര്യ ലക്ഷ്മിയുടെ അക്കൗണ്ടിലൂടെ ലക്ഷ്മിയാണ് അത് ചെയ്തത് എന്ന് അവര്‍ പറയുന്ന തരത്തില്‍ ഒരു വിശദീകരണവും പ്രസിദ്ധപ്പെടുത്തി. എന്നാല്‍ അത് പ്രശാന്ത് തന്നെ എഴുതിയ പോസ്റ്റ് ആണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. 

വളരെ സഹതാപം തോന്നുന്ന ഒരു പോസ്റ്റ് ആയിപ്പോയി അത്. ലേഖികയുമായി മോശമായി സംസാരിച്ചതിന്റെ ഉത്തരവാദിത്വം ഭാര്യയെക്കൊണ്ട് കളക്ടര്‍ ബ്രോ ഏറ്റെടുപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. എന്തൊരു ഗതികേടാണെന്ന് ഓര്‍ക്കേണ്ടത് തന്നെയാണ്. ഭാര്യയാണ് ഇത്തരത്തിലൊരു മറുപടി ലേഖികയ്ക്ക് കൊടുത്തതെങ്കില്‍ അവരുടെ മനോനിലയെ കുറിച്ച് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. അശ്ലീലമോ ലൈംഗികമോ ആയി യാതൊരു ബന്ധവുമില്ലാത്ത വിഷയത്തിലാണ് പ്രവിത സംസാരിക്കാന്‍ അനുമതി തേടിയത്. അത്തരമൊരു സംസാരത്തില്‍ ഇത്തരമൊരു ബിംബങ്ങള്‍ മനസ്സില്‍ നിറയണമെങ്കില്‍ ആ വ്യക്തിയുടെ അരോചക സ്വഭാവത്തിന്റെയും വൈകല്യങ്ങളുടെയും പ്രകടനാണ് അത്. അത്തരം ചാറ്റിലൂടെ തന്റെ വൈകൃതത്തെ പ്രദര്‍ശിപ്പിച്ച് സുഖം തേടുക എന്ന മനോവൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമെ ഇത്രയും ഗൗരവകരമായ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ വന്ന ഒരാളോട് ഇത്തരം സ്റ്റിക്കറുകള്‍ മറുപടിയായി നല്‍കാന്‍ കഴിയുകയുള്ളൂ. 

പ്രശാന്ത് തന്റെ ഭാര്യയെ മോശക്കാരിയാക്കിയിരിക്കുകാണ്. അവര്‍ പ്രശാന്തിനേക്കാള്‍ എത്രയോ ഉയരത്തിലാണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. തന്റെ ഭര്‍ത്താവിന് വേണ്ടി ഇത്തരത്തില്‍ പൊതുജന മധ്യത്തില്‍ ഒരു അപമാനം ഏറ്റെടുക്കാന്‍ തയ്യാറായത് അവരുടെ മേന്‍മയെയാണ് കാണിക്കുന്നത്. പ്രശാന്തിന്റെ ഈ സമീപനം സംസ്ഥാനത്തിന് തന്നെ ആശങ്ക ഉളവാക്കുന്നതാണ്. ഇത്തരത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തികള്‍ എടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ സംസ്ഥാനത്തിന്റെ ഗതിയെ നിര്‍ണ്ണയിക്കുന്നത്. വ്യക്തിപരമായി ഇത് കൂടുതല്‍ ബാധിക്കുന്നത് പ്രശാന്തിന്റെ ഭാര്യയെ തന്നെയായിരിക്കും എന്നതാണ് ഈ മനോവൈകൃത പ്രകടനത്തില്‍ നിന്ന് മനസ്സിലാവുന്നത്.