Skip to main content

പത്തനംതിട്ടയില്‍ നിന്നും കോഴിക്കോട് നിന്നുമുള്ള രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തുക്കളുമായി ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായിരിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന ഉല്‍സവ ദിനമായ വസന്തപഞ്ചമി ദിനത്തില്‍ അക്രമം നടത്താനും ഹിന്ദു സംഘടനകളുടെ പ്രമുഖ ഭാരവാഹിയെ അക്രമിക്കാനുമായിരുന്നു പദ്ധതി എന്നാണ് പോലീസിന്റെ ഭാഷ്യം. ഇത്തരം വാര്‍ത്തകള്‍ ഇപ്പോള്‍ രാഷ്ട്രീയ കാഴ്ചപ്പാടിലൂടെയാണ് കാണപ്പെടുന്നത്. ബോധപൂര്‍വമായി യു.പിയിലെ ബി.ജെ.പി ഗവണ്‍മെന്റ് സൃഷ്ടിക്കുന്ന കേസുകളാണ് ഇതെന്ന് ശക്തമായ വാദം ഉന്നയിക്കപ്പെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ ഈ വാദത്തെ ശക്തമായി അനുകൂലിക്കുന്നുമുണ്ട്. 

എന്നാല്‍ ഈ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അതിന്റെ രൂക്ഷഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത് കേരളമാണ്. കേരളത്തിലെ രണ്ട് യുവാക്കളാണ് പോലീസ് പറയുന്ന പ്രകാരം ഭീകരപ്രവര്‍ത്തനത്തിന് യു.പിയില്‍ ആയുധങ്ങളുമായി അറസ്റ്റിലായിരിക്കുന്നത്. പോലീസ് ഭാഷ്യം ശരിയാണെങ്കില്‍ ഇത്തരത്തില്‍ രണ്ട് യുവാക്കള്‍ പാകപ്പെടുന്നതിന് അനുസൃതമായ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നു എന്നുള്ളതാണ് സൂചിപ്പിക്കുന്നത്. അത്തരത്തിലുള്ള ഒരു അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ഗുരുതരമായി കാണേണ്ട വസ്തുതയാണ്. 

പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നേരത്തെ തന്നെ പല അവസരങ്ങളിലും ആക്ഷേപം ഉയര്‍ന്നു കേട്ടിട്ടുണ്ട്. കേരളത്തിലെ ന്യൂനപക്ഷ വര്‍ഗീയതയെ ഉയര്‍ത്തിക്കാണിച്ചു കൊണ്ടാണ് ഭൂരിപക്ഷ വര്‍ഗീയത വളര്‍ച്ച പ്രാപിക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതക്കെതിരെ പലരും ശബ്ദമുയര്‍ത്തുമ്പോള്‍ അതിന്റെ മറവില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള തണല്‍ ലഭ്യമാകുന്നു എന്നത് വസ്തുതയാണ്. എല്ലാവിധ ജാതി മത വിഭാഗീയത ചിന്തകളും അടിയൊഴുക്കായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഭീകരപ്രവര്‍ത്തനത്തിന് വളക്കൂറുള്ള മണ്ണായി കേരളം മാറുന്നു എന്നുള്ളതാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്ന സൂചന.