Skip to main content

വിജയമുണ്ടായില്ലെങ്കില്‍ ഉത്തരവാദപ്പെട്ടവരും പ്രശ്‌നക്കാരും സംഘടനയോടു മറുപടി പറയേണ്ടി വരുമെന്നു ബി.ജെ.പി ഭാരവാഹികള്‍ക്കു സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതലയുള്ള കേന്ദ്രമന്ത്രി പ്രള്‍ഹാദ്‌ ജോഷിയുടെ താക്കീത്. ഉത്തരവാദിത്വം നിര്‍വഹിക്കാത്തവര്‍ സംഘടനാ സംവിധാനത്തിലുണ്ടാകാനിടയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. നരേന്ദ്ര മോദി നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങളിലെത്തിച്ചാല്‍ മാത്രം വിജയിക്കുമെന്നും മറ്റൊന്നും പറയേണ്ടതില്ലെന്നും ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ വിവിധ യോഗങ്ങളിലായി അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ സാധാരണക്കാര്‍ക്കു വേണ്ടി ചെയ്ത കാര്യങ്ങള്‍ ജനങ്ങളില്‍ വേണ്ടതുപോലെ എത്തിയില്ലെന്ന സൂചനയും നല്‍കി.

സംസ്ഥാന നേതൃത്വത്തിലെ വഴക്കിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. ഉത്തരവാദിത്തമുണ്ടായിട്ടും പ്രവര്‍ത്തിക്കാത്തവര്‍ക്ക് നേതൃത്വത്തില്‍ നിന്നു ബൂത്തുകളിലേക്കു മടങ്ങാം. പാര്‍ട്ടി നേതൃത്വത്തെ മറികടന്നു പോകുന്നതിനെതിരെയുള്ള താക്കീത് കൂടിയായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 

ശബരിമല കാര്യത്തില്‍ രാഹുല്‍ ഗാന്ധി മിണ്ടാതിരുന്നപ്പോള്‍ ബിജെപി ശക്തമായ നിലപാടെടുത്തു ഭക്തര്‍ക്കൊപ്പം നിന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. സമൂഹ മാധ്യമ ഉപയോഗം ശക്തമാക്കാനും സാധാരണക്കാരുടെ ഭാഷയില്‍ സംസാരിക്കാനും കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനും ഐ.ടി സെല്‍ യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു.