കൊച്ചി മുതല്‍ കോഴിക്കോട് രാമനാട്ടുകര വരെയുള്ള 194 കിലോമീറ്റര്‍ എന്‍.എച്ച് 66 വീതികൂട്ടലിന് പാരിസ്ഥിതിക അനുമതി ആവശ്യമില്ല എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. ദേശീയ ഹരിത ട്രിബ്യൂണല്‍(എന്‍.ജി.ടി) സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ദക്ഷിണമേഖല ബെഞ്ചാണ് ഇതിന് ഹരിത ക്ലിയറന്‍സ് ആവശ്യമുണ്ടോ എന്ന് പഠിക്കുന്നതിനായി കമ്മിറ്റിയെ നിയോഗിച്ചത്. ഈ കമ്മിറ്റി ദേശീയപാതാ വികസനത്തിന് പാരിസ്ഥിതിക അനുമതി ആവശ്യമില്ല എന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. തമിഴ്നാട്ടിലെ വില്ലുപുരം-നാഗപട്ടണം എന്‍.എച്ച് 45 എ റോഡ് വികസനത്തിന് പാരിസ്ഥിതിക അനുമതി ആവശ്യമില്ല എന്ന വിധിയെ പിന്തുടര്ന്നിട്ടാണ് ഈ കമ്മിറ്റി ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇത് വളരെ അധികം ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്. കേരളത്തിലെ പരിസ്ഥിതിയും തമിഴ്നാട്ടിലെ പരിസ്ഥിതിയും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്.
സുക്ഷ്മമായ തലങ്ങളുള്ള പാരിസ്ഥിതിക ഘടകമാണ് കേരളം എന്ന് പറയുന്നത്. എന്നാല്‍ തമിഴ്നാട് പോലുള്ള പ്രദേശങ്ങളിലെ സ്ഥിതി അതല്ല. കേരളത്തിലെ ജൈവവൈവിദ്യ സ്വഭാവം തുടങ്ങി ഒട്ടേറെ സൂക്ഷ്മഘടകങ്ങള്‍ കേരളത്തിലെ പ്രകൃതിയെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു എന്നത് വസ്തുതയാണ്. ഈ സൂക്ഷ്മ വസ്തുതയെ തിരിച്ചറിയാതെ കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ദുരന്തഫലമാണ് 2018 മുതല്‍ കേരളം നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയ ദുരിതം. ഈ വസ്തുത കണക്കിലെടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ ആവശ്യം എന്ന് പറയുന്നത് നേര്‍രേഖ പോലെ നീളുന്ന റോഡുകളല്ല. പാരിസ്ഥിതിക സൂക്ഷ്മതകളെ നശിപ്പിക്കാതെ നിര്‍മ്മിക്കപ്പെടുന്ന റോഡുകളാണ് കേരളത്തിന് ആവശ്യം. ഒരുപക്ഷെ സമയനഷ്ടം ഉണ്ടാകുമെങ്കിലും കേരളത്തിലെ നിലനില്‍പ്പിന് അനിവാര്യമായത് അതാണ്. മറ്റു സംസ്ഥാനങ്ങളില്‍ പാലിക്കപ്പെടുന്ന മാനദണ്ഡങ്ങള്‍ കേരളത്തിന് പര്യാപ്തമല്ല എന്നുള്ളത് വസ്തുതയാണ്.