Skip to main content

എതിരാളികള്‍ക്ക് പേടിസ്വപ്നമായിരുന്ന കേരളത്തിന്റെ വിപ്ലവ റാണി കെ.ആര്‍. ഗൗരി അമ്മ കാലത്തിന്റെ നിയോഗം പോലെ സ്വന്തം പ്രസ്ഥാനത്തില്‍ ആരുമല്ലാതായി. സി.പി.എമ്മിന വെല്ലുവിളിച്ച് ഗൗരിയമ്മ സ്ഥാപിച്ച ജെ.എസ്.എസ്. എന്ന പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് കഴിഞ്ഞ ദിവസം അവര്‍ ഒഴിവാക്കപ്പെട്ടത് അവര്‍ പോലും അറിയാതെ. അവരെ പാര്‍ട്ടി പ്രസിഡന്റായി വച്ചിട്ടുണ്ടെങ്കിലും അത് അലങ്കാര പദവിയാണെന്ന് എല്ലാവര്‍ക്കുമറിയാം. സഹോദരി പുത്രിയും ജെ.എസ്.എസ്. വൈസ് പ്രസിഡന്റുമായ പ്രൊഫ. പി.സി. ബീനാകുമാരി ഇക്കാര്യം ഗൗരിയമ്മയെ ധരിപ്പിച്ചു വെങ്കിലും മാനമായിരുന്നു മറുപടി.

ഞായറാഴ്ച വിളിച്ചു ചേര്‍ത്ത സമ്മേളനത്തിന്റെ അവസാനമാണ് പാര്‍ട്ടി നേതൃത്വം പുനഃസംഘടിപ്പിക്കുന്നതായി പ്രസിഡന്റ് എ.എന്‍. രാജന്‍ ബാബു പ്രഖ്യാപിച്ചത്. ജനറല്‍ സെക്രട്ടറി ഗൗരിയമ്മ യോഗത്തില്‍ സംബന്ധിച്ചിരുന്നില്ല. അവര്‍ക്ക് ശാരീരികാവശതയുള്ളതിനാല്‍ താന്‍ ജനറല്‍ സെക്രട്ടറിയാകണമെന്ന് നിര്‍ദ്ദേശിച്ചുവെന്നാണ് രാജന്‍ ബാബു പറഞ്ഞത്. പ്രസിഡന്റായി ഗൗരി അമ്മയേയും വര്‍ക്കിംഗ് പ്രസിഡന്റായി സഞ്ജീവ് സോമരാജനേയും നോമിനേറ്റു ചെയ്തു. വൈസ് പ്രസിഡന്റുമാരില്‍ ഒരാളായി ഗൗരി അമ്മയുടെ സഹോദരീപുത്രി ബീനാകുമാരിയേയും നിയമിച്ചു.

ഇടയ്ക്ക് ജെ.എസ്.എസ്. വിട്ട് യു .ഡി.എഫിനൊപ്പവും പിന്നീട് എന്‍.ഡി.എക്കൊപ്പവും പോയ രാജന്‍ബാബു അടുത്തിടെയാണ് പാര്‍ട്ടിയില്‍ തിരികെയെത്തിയത്. നാടകീയ നീക്കത്തിലൂടെ പാര്‍ട്ടി പിടിച്ചെടുത്ത അദ്ദേഹം ഗൗരിയമ്മയുടെ നയങ്ങള്‍ പിന്തുടരുമെന്നാണ് പ്രഖ്യാപിച്ചത്. ഗൗരിയമ്മ ജീവിച്ചിരിക്കുന്ന കാലമത്രയും ഇടതുപക്ഷത്ത് തന്നെ നില്‍ക്കുമെന്ന് ഉറപ്പു നല്‍കിയതായും പറയുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ നേതൃമ്മാറ്റം അനിവാര്യമായിരുന്നുവെന്നാണ് ഗൗരിയമ്മയുടെ ബന്ധുവായ ബീനാകുമാരിയും പറയുന്നത്. കാരണം ഗൗരിയമ്മ അത്രക്ക് അവശയാണ്. നടക്കാന്‍ പ്രയാസമുണ്ട്. സംസാരം തന്നെ വളരെ കുറവാണ്. പ്രായത്തിന്റെ ക്ലേശങ്ങള്‍ നന്നെയുണ്ട്. ആ സാഹചര്യത്തില്‍, തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ഗൗരിയമ്മയെ കൊണ്ട് പാര്‍ട്ടിയെ നയിക്കാന്‍ പ്രയാസമുണ്ട്.

പാര്‍ട്ടി 1994 ല്‍ സ്ഥാപിച്ചപ്പോള്‍ മുതല്‍ തുടര്‍ന്നു വരുന്ന ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് ഗൗരിഅമ്മയെ ഒഴിവാക്കിയത് അവരോട് ഒരു വാക്കുപോലും പറയാതെയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.