Skip to main content

ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വന്ന സംഘപരിവാര്‍ ബുദ്ധിജീവിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ഡോ.ആര്‍ ബാലശങ്കര്‍ തട്ടകം കേരളത്തിലേക്ക് മാറ്റുന്നു. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ ഇദ്ദേഹം മുതിര്‍ന്ന ആര്‍.എസ്.എസ്., ബി.ജെ.പി. നേതാക്കളെയും ചില മത-സമുദായ നേതാക്കളെയും നേരില്‍ കണ്ടതായാണ് വിവരം.

ആസന്നമായ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലശങ്കറിനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം പാര്‍ട്ടിയുടെ പരിഗണനയിലാണ്. എവിടെ മത്സരിപ്പിക്കണമെന്നതു സംബന്ധിച്ച തീരുമാനം വരാനിരിക്കുന്നതേയുള്ളു. പാര്‍ട്ടി സംസ്ഥാന നേതൃത്വമായിരിക്കും തീരുമാനമെടുക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം കേന്ദ്ര നേതാക്കളുമായി നേരില്‍ പരിചയമുള്ള ബാലശങ്കര്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നത് നന്നായിരിക്കുമെന്ന അഭിപ്രായം ചില മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി.യോഗം നേതൃത്വങ്ങളുമായി ബന്ധമുള്ള ബാലശങ്കര്‍ ക്രൈസ്തവ സഭാ നേതൃത്വവുമായും അടുപ്പം സൂക്ഷിക്കുന്നുണ്ട്. കേരളത്തില്‍ പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കാന്‍ ഇത് ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്.

എ.ബി.വി.പി.യിലൂടെ പ്രവര്‍ത്തിച്ചു വളര്‍ന്ന്  ഡല്‍ഹിയില്‍ സംഘപരിവാര്‍ പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ എഡിറ്റര്‍ പദവിയില്‍ എത്തിയ ബാലശങ്കര്‍ നേരത്തെ ബി.ജെ.പി. സര്‍ക്കാരില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദി വീക്ക്, പ്രോബ്, ഓണ്‍ ലുക്കര്‍ എന്നീ മാസികകളിലും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്, ഫ്രീ പ്രസ് ജേര്‍ണല്‍ തുടങ്ങിയ പത്രങ്ങളിലും ജോലി ചെയ്തു.നരേന്ദ്ര മോദി ക്രിയേറ്റീവ് ഡിസ്‌റപ്റ്റര്‍ എന്നതടക്കം നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. ചെങ്ങന്നൂര്‍ സ്വദേശിയായ ഇദ്ദേഹം ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദവും ഐ.ടി. ആന്റ് കമ്മ്യൂണിക്കേഷനില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.