Skip to main content

എന്തായാലും ഒരു കാര്യം ഉറപ്പായി. വരുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് മുന്നണിയെ നയിക്കുന്നത് ഏതോ പ്രൊഫഷണല്‍ ഗ്രൂപ്പിന്റെ നിര്‍ദേശത്തിന് അനുസരിച്ചാണെന്നുള്ളത്. കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന്റെ തീരുമാനങ്ങളിലെല്ലാം ആ പ്രൊഫഷണല്‍ സമീപനം കാണാന്‍ കഴിയും. അതിന്റെ ഭാഗമായിട്ടാണ് ഉമ്മന്‍ചാണ്ടി നേതൃസ്ഥാനത്തേക്ക് വന്നതും ശശി തരൂരിനെ പ്രകടന പത്രിക തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയതും കോണ്‍ഗ്രസില്‍ പരസ്യമായ വിവാദങ്ങള്‍ക്കെല്ലാം വിരാമമായതും. രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനത്തോടെ അത് കൂടുതല്‍ വ്യക്തമാവുകയും ചെയ്തു. മൂന്ന് കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചു കഴിഞ്ഞാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. അതിലെ വ്യക്തതയാണ് പ്രൊഫഷണല്‍ ഏജന്‍സിയുടെ സാന്നിധ്യത്തെ പ്രകടമാക്കുന്നത്. 

ഇതില്‍ ഒന്ന് പ്രകടനപത്രിക തയ്യാറാക്കുന്നതിനായി ജനങ്ങളുമായി സംവദിച്ച് അവര്‍ക്ക് പ്രതീക്ഷ നല്‍കുക എന്ന ഒരു മുഖ്യ ഘടകമാണ് അവര്‍ ഉദ്ദേശിക്കുന്നത്. അതിനായി ഇന്ത്യയില്‍ ലഭിക്കാവുന്ന ഏറ്റവും പ്രഗത്ഭനായ വ്യക്തിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. പൂര്‍ണ്ണമായും പഴയ നേതാക്കളെ മാറ്റി നിര്‍ത്തണമെന്ന നിര്‍ദേശം ഇല്ലെങ്കിലും പ്രത്യക്ഷത്തില്‍ യുവനിരയെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആയിരിക്കും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാവാന്‍ പോകുന്നത്. മുന്നാമതായി ഭാവി സങ്കല്‍പ്പങ്ങള്‍ കേരളവുമായി പങ്കുവെക്കുക. അതിന്റെ മുഖ്യ തന്ത്രമാണ് ശശി തരൂരിനെ പ്രകടനപത്രിക തയ്യാറാക്കാന്‍ നിര്‍ദേശിച്ചത്. ശശി തരൂര്‍ എം.പിയാണ് രാഷ്ട്രീയ നേതാവാണ് അദ്ദേഹത്തിന് പൊതുജന പിന്തുണയും ഉണ്ട്. വിശേഷിച്ചും യുവാക്കള്‍ക്കിടയില്‍. 

ഇക്കുറി ഐക്യജനാധിപത്യ മുന്നണി തോല്‍വി നേരിടുകയാണെങ്കില്‍ മുന്നണിയേക്കാള്‍ അത് ബാധിക്കാന്‍ പോകുന്നത് കോണ്‍ഗ്രസിനെയാണ്. ആ തിരിച്ചറിവ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഉണ്ട്. അതിനാല്‍ തന്നെ അഖിലേന്ത്യ നേതൃത്വത്തിന്റെ നിര്‍ദേശത്തിന് സംസ്ഥാന നേതൃത്വം വഴങ്ങിയെ മതിയാകുകയുള്ളൂ. ഈ മൂന്ന് നിര്‍ദേശങ്ങള്‍ നിറവേറ്റിയാല്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം എവിടെയും ലഭ്യമാകും എന്ന് സംസ്ഥാന നേതൃത്വത്തിന് ഉറപ്പുമുണ്ട്.