Skip to main content

കൊവിഡ് മഹാമാരിയുടെ ആരംഭഘട്ടത്തില്‍ ഏറ്റവും ഫലപ്രദമായി കൊവിഡിനെ പ്രതിരോധിച്ച കേരളത്തില്‍ ഇപ്പോള്‍ കൊവിഡ്ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ദേശീയ ശരാശരിയേക്കാള്‍ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പരിശോധനകളുടെ എണ്ണം കൂട്ടിയില്ലെങ്കില്‍ കൈവിട്ടുപോകുമെന്നാണ് ആരോഗ്യവിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. പൊതുജനം ജാഗ്രത കൈവിട്ടതും പൊതുഗതാഗതം അടക്കം എല്ലാത്തിലും നിയന്ത്രണങ്ങള്‍ നീക്കിയതുമെല്ലാം രോഗബാധ കൂടാന്‍ കാരണമായി. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഐ.എം.എ. 

കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാണെന്നും വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. പി.സി.ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും നിരീക്ഷണ സംവിധാനം കൂടുതല്‍ കര്‍ശനമാക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാന്‍ നടപടി വേണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.

ഒന്നര മാസത്തിന് ശേഷമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിലായത്. ദേശീയ ശരാശരി 2 മാത്രമാണ്. പല ജില്ലകളിലും ടി.പി.ആര്‍ 12ന് മുകളിലാണ്. വയനാട്ടിലിത് 14.8ഉം കോട്ടയത്ത് 14.1മാണ്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍രോഗികളുള്ളത്. കോട്ടയം, കണ്ണൂര്‍, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നീ ജില്ലകളിലും രോഗികളുടെ എണ്ണം കൂടുതലാണ്. കണ്ണൂരില്‍ ഒരാഴ്ചകൊണ്ട് 40 ശതമാനത്തില്‍ അധികമാണ് രോഗികളുടെ വര്‍ധന. തിരുവനന്തപുരത്ത് ഇത് 33 ശതമാനവും.

സമ്പൂര്‍ണ്ണ അടച്ചിടല്‍ അടക്കം കര്‍ശന നിയന്ത്രണങ്ങള്‍ ഇനിയുണ്ടാകില്ലെന്നുറപ്പുള്ളതിനാല്‍ മാസ്‌കും, സാമൂഹിക അകലവും അടക്കമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

നമ്മള്‍ ഓരോരുത്തരും അതീവ ജാഗ്രതയോടെ പെരുമാറേണ്ടതുണ്ട്. ജനജീവിതം പ്രതിസന്ധിയില്‍ ആവാതിരിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഗതാഗത നിയന്ത്രണം നീക്കിയത്. അത് മനസ്സിലാക്കി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് ജാഗ്രത പാലിക്കേണ്ടത് നമ്മള്‍ ഓരോരുത്തുമാണ്. ഇനിയെങ്കിലും വളരെ ശ്രദ്ധയോടെയും ജാഗ്രതയോടെയും പെരുമാറാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വരുന്നത് നമ്മള്‍ ഓരോരുത്തരും തന്നെയായിരിക്കും.