Skip to main content

പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണി വിടുന്ന കാര്യത്തില്‍ എന്‍.സി.പിയ്ക്ക് അകത്തുള്ള ഭിന്നാഭിപ്രായം മറനീക്കി പുറത്തു വരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മന്ത്രി എ.കെ ശശീന്ദ്രനെതിരെ മാണി സി കാപ്പന്‍ വിഭാഗം എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് നല്‍കിയ പരാതി. തിരുവനന്തപുരത്ത് ശശീന്ദ്രന്‍ ഒരു വിഭാഗം പ്രവര്‍ത്തകരുടെ യോഗം വിളിച്ചതിനാണ് പരാതി. ശശീന്ദ്രനെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. 

പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയുമായി അഭിപ്രായ വ്യത്യാസം കടുത്തതോടെ മുന്നണി മാറ്റത്തെ കുറിച്ച ഇനിയും തീരുമാനം വൈകിക്കാനാകില്ലെന്ന നിലപാടിലാണ് മാണി സി കാപ്പന്‍. പാലായ്ക്ക് പകരം കുട്ടനാട് എന്ന അനുനയ ഫോര്‍മുല എ.കെ ശശീന്ദ്രന്‍ പക്ഷം മുന്നോട്ട് വയ്ക്കുമ്പോഴും പാലാ വിട്ട് ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പന്‍. ഇതിനിടെയാണ് ശശീന്ദ്രന്‍ പക്ഷം തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. 

എന്‍.സി.പിയുടെ മുന്നണി മാറ്റ നിലപാടിനെ കുറിച്ച് ശരദ് പവാറുമായി നിര്‍ണായക ചര്‍ച്ച മറ്റന്നാള്‍ നടക്കുമെന്നാണ് വിവരം. ഇതിനായി മാണി സി കാപ്പനും സംഘവും മുംബൈക്ക് തിരിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തിരിക്കെ തീരുമാനം ഇനിയും നീട്ടിക്കൊണ്ട് പോകാനാകില്ലെന്നാണ് കാപ്പന്റെയും സംഘത്തിന്റെയും നിലപാട്.