Skip to main content

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ചൈനയില്‍ വിലക്ക് തുടരുകയാണ്. കൊവിഡിനെ തുടര്‍ന്നാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് എത്തിയത്. ഇവര്‍ ചൈനയിലേക്ക് തിരികെ പോകാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. കേരളത്തില്‍ മാത്രം പതിനായിരത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എം.ബി.ബി.എസിന് പുറമെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകള്‍ പഠിക്കുന്നുവരുമുണ്ട്. 

അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് കൂടുതല്‍ പ്രതിസന്ധി. വാര്‍ഷിക ഫീസായ മൂന്നേകാല്‍ ലക്ഷം രൂപ അടച്ചാണ് വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. എന്നാല്‍ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ഓണ്‍ലൈന്‍ വഴിയുള്ള പരീക്ഷകള്‍ അംഗീകരിക്കാത്തത് ഇവര്‍ക്ക് തിരിച്ചടിയാകും. യൂണിവേഴ്സിറ്റികളിലേക്ക് മടങ്ങിയെത്തിയാല്‍ മാത്രമേ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയൂവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

കഴിഞ്ഞവര്‍ഷം ജനുവരി മുതലാണ് വിദ്യാര്‍ഥികള്‍ നാട്ടിലെത്തിയത്. യൂണിവേഴ്സിറ്റികള്‍ മുന്‍കൈയെടുത്താണ് കുട്ടികളെ നാട്ടിലേക്കയച്ചത്. എന്നാല്‍ തിരികെ കോളേജിലേക്കെത്തണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തിന് മറുപടിയില്ല.

കേരളത്തില്‍ 3000-ത്തോളം വിദ്യാര്‍ഥികള്‍ ബാങ്ക് ലോണിനെ ആശ്രയിച്ചാണ് പഠനം തുടരുന്നത്. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് ഇവര്‍. പലര്‍ക്കും ഏജന്‍സികള്‍ മുഖേനയാണ് പഠിക്കാന്‍ അവസരം ഒരുങ്ങിയത്. എന്നാല്‍ ഏജന്‍സികള്‍ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. ഇന്ത്യന്‍ ഇന്ത്യന്‍ എംബസി, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ക്ക് മുമ്പില്‍ ഒട്ടേറെ തവണ വിഷയം അവതരിപ്പിച്ചെങ്കിലും നടപടിയൊന്നുമായില്ല.