Skip to main content

മൈതാനപ്രസംഗം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് വരുന്നത് കാണികളുടെ അല്ലെങ്കില്‍ അണികളുടെ കയ്യടിക്ക് വേണ്ടി ഒരു നേതാവ് അല്ലെങ്കില്‍ പ്രാസംഗികന്‍ പ്രസംഗിക്കുന്നതാണ്. അവര്‍ക്ക് വേണ്ടുന്ന പദപ്രയോഗങ്ങള്‍ നടത്തുകയോ സംസാരത്തില്‍ നാടകീയത ചേര്‍ത്ത് അതിവൈകാരികമായ പ്രകടനങ്ങള്‍ നടത്തി കാണികളില്‍ ആവേശം നിറയ്ക്കുന്നതിനേയൊക്കെയാണ് മൈതാനപ്രസംഗം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് വരുന്നത്. അതിന് സമാനമായ സംഭവവികാസങ്ങളാണ് അടുത്തിടെയായി കേരള നിയമസഭയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന നിയമങ്ങളും ചട്ടങ്ങളുമെല്ലാം രൂപപ്പെടുത്തേണ്ട പ്രഥമസ്ഥലമാണ് നിയമസഭ. അതുകൊണ്ടാണ് അതിനെ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് പറയുന്നത്. സ്പീക്കര്‍ അതിന്റെ നാഥനും മറ്റെല്ലാവരും അതിലെ അംഗങ്ങളുമാണ്. പണ്ട് കാലത്തെ നിയമസഭാ സാമാജികരുടെ ഇടപെടലുകളും, പ്രസംഗങ്ങളും ചര്‍ച്ചകളുമായിട്ട് ഇപ്പോഴത്തെ ചര്‍ച്ചകളെ തട്ടിച്ച് നോക്കുകയാണെങ്കില്‍ കേവലമൊരു ചാനല്‍ ചര്‍ച്ചയിലെ പാനലിസ്റ്റുകള്‍ തമ്മിലുള്ളൊരു യുദ്ധം പോലെയാണ് കാണാന്‍ സാധിക്കുന്നത്. 

കിഫ്ബി വിഷയം ഒരു ഉദാഹരണമായി എടുക്കുകയാണെങ്കില്‍ പ്രതിപക്ഷം ഒരു അടിയന്തര പ്രമേയം കൊണ്ടുവന്നു. കൃത്യമായ ചട്ടങ്ങളും വസ്തുതകളും എടുത്ത് പറഞ്ഞുകൊണ്ട് തന്നെയാണ് വി.ഡി സതീശന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതും അതിന് അനുമതി കിട്ടിയതും ചര്‍ച്ച തുടങ്ങിയതും. പക്ഷെ വസ്തുതാപരമായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ഒരു ശതമാനം പോലും മറുപടി നല്‍കാതെ കുറെ വൈകാരികമായിട്ടുള്ള പ്രകടനങ്ങളും അവിടെയും ഇവിടെയും തൊടാതെയുള്ള മറുപടികളും കൊണ്ട് പുറത്തിരുന്ന് കാണുന്നവര്‍ കൈയ്യടിക്കുക എന്ന തരത്തിലാണ് ധനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗം നടത്തിയത്. സഭയില്‍ ഈ പ്രസംഗങ്ങള്‍ കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാക്കുന്നതിനേക്കാള്‍ ഉപരിയായി ആ സംഭവത്തിന്റെ വീഡിയോ പുറത്തേക്കെത്തുമ്പോള്‍ അതുവഴി ഒരു തകര്‍പ്പന്‍ മറുപടി നല്‍കി അല്ലെങ്കില്‍ ആഞ്ഞടിച്ചു, തേച്ചൊട്ടിച്ചു എന്ന ഒരു രീതിയിലേക്ക് എത്തുന്ന തരത്തിലാണ് ഇപ്പോള്‍ നിയമസഭയുടെ പോക്ക്. ഈ ഒരു സംഭവത്തില്‍ മാത്രമല്ല, കുറച്ചു നാളുകളായിട്ട് ഇത് തന്നെയാണ് നടക്കുന്നത്. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഗൗരവമായിട്ട് ചര്‍ച്ച നടക്കേണ്ട അടിയന്തര പ്രമേയങ്ങളില്‍ പോലും വസ്തുതാപരമായ കാര്യങ്ങള്‍ സംസാരിക്കാതെ മൈതാനപ്രസംഗങ്ങള്‍ പോലെയുള്ള രീതിയിലേക്ക് പ്രസംഗങ്ങള്‍ പോകുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

ഇന്ന് നടന്ന സ്പീക്കര്‍ക്ക് എതിരായിട്ടുള്ള അടിയന്തര പ്രമേയത്തിലും മൈതാനപ്രസംഗങ്ങള്‍ തന്നെയാണ് നടന്നത്. വസ്തുതകളെ മനഃപൂര്‍വ്വം വളച്ചൊടിച്ചു കൊണ്ട് കാണികളില്‍ നിന്ന് കയ്യടി ലഭിക്കണം എന്ന രീതിയിലാണ് പ്രസംഗങ്ങള്‍ മുന്നോട്ട് പോയത്. കേരളത്തിലെ നിയമസഭാ സ്പീക്കര്‍ ആയിരിക്കുന്ന വ്യക്തി സ്വര്‍ണ്ണക്കടത്ത് കേസിലും റിവേഴ്‌സ് ഹവാല കേസിലും സംശയനിഴലിലാണ് എന്നുള്ളത് പരമമായ സത്യമാണ്. ആ സത്യത്തെ മുന്‍നിര്‍ത്തിക്കൊണ്ടാണ് നിയമസഭയില്‍ ഈ പ്രമേയം എത്തേണ്ടിയിരുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപരിയായി അതായിരുന്നിരിക്കണം പരിഗണിക്കപ്പെടേണ്ടിയിരുന്നത്. പ്രതിപക്ഷത്തിന്റെ ഉദ്ദേശശുദ്ധിയില്‍ രാഷ്ട്രീയവും കലര്‍ന്നിരിക്കാം. എന്നാല്‍ നമ്മുടെ മുന്നിലുള്ള വസ്തുത എന്ന് പറയുന്നത് സ്പീക്കര്‍ എന്ന് പറയുന്ന ഭരണഘടന പദവി വഹിക്കുന്ന വ്യക്തിയുടെ വിശ്വാസ്യത സംശയത്തിന്റെ നിഴലിലായിരിക്കുന്നു. സ്വര്‍ണ്ണക്കടത്ത് പ്രതിയായ സ്വപ്‌ന സുരേഷുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. പലതവണ ഇവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും പല കാര്യങ്ങള്‍ക്കും അവരുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സ്പീക്കറുടെ സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു എന്നതും വസ്തുതയാണ്. 

സ്പീക്കര്‍ എന്ന പദവി ഒരു സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയാണ്. കേരള നിയമസഭ ചരിത്രത്തില്‍ ഇതുവരെ ഒരു സ്പീക്കറുടെ നേര്‍ക്ക് പോലും ഉയരാത്ത ആരോപണങ്ങളും ആക്ഷേപങ്ങളും സംശയങ്ങളുമാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ഉയര്‍ന്നിരിക്കുന്നത്. ആ ഒരു സാഹചര്യത്തിലാണ് സ്പീക്കര്‍ക്കെതിരായ പ്രമേയം നിയമസഭയില്‍ വരുന്നതും ചര്‍ച്ച നടക്കുന്നതും. സ്പീക്കര്‍ എന്ന പദവിയ്ക്ക് സംഭവിച്ച കളങ്കം മറച്ചുകൊണ്ട് താന്‍ പല വികസനപ്രവര്‍ത്തനങ്ങള്‍ നിയമസഭയില്‍ നടത്തിയെന്നും കുറെ പരിപാടികള്‍ സംഘടിപ്പിച്ചുവെന്നും മോടി പിടിപ്പിക്കല്‍ നടത്തിയെന്നുമൊക്കെയുള്ള തരത്തിലായിരുന്നു അവരുടെ പ്രസംഗം. സ്പീക്കര്‍ ആരായാലും നാളെ കോണ്‍ഗ്രസിന്റെ സ്പീക്കറാണ് ഈ രീതിയില്‍ പ്രസംഗിക്കുന്നതെങ്കിലും അത് ആശ്വാസകരമായ നടപടി അല്ല. ഇത് ഒരു തരത്തിലും നമ്മുടെ ജനായത്ത സംവിധാനത്തില്‍ ഗുണപരമായ മാറ്റങ്ങളായിരിക്കില്ല ഉണ്ടാക്കുക. നിയമസഭ ഒരു ചാനല്‍ ചര്‍ച്ചയുടെ രീതിയില്‍ മുമ്പോട്ട് പോകുന്നു എന്ന് പറയുന്നത് വളരെ അപകടകരമായ കാര്യമാണ്. സ്പീക്കര്‍ക്കെതിരെയുള്ള പ്രമേയം എന്ന് പറയുന്നത് വളരെയധികം പഠനത്തോടെയും വസ്തുനിഷ്ഠമായ രീതിയിലുമാണ് നടക്കേണ്ടത്. രാഷ്ട്രീയപരമായ വൈകാരിക പ്രകടനങ്ങളും മൈതാനപ്രസംഗങ്ങളും ജനായത്ത സംവിധാനത്തിലെ പ്രഥമ സ്ഥാനം വഹിക്കുന്ന നിയമസഭയ്ക്ക് ഒട്ടും ആശ്വാസ്യമായ കാര്യമല്ല.