Skip to main content

കെ.എസ്.ആര്‍.ടി.സിയില്‍ വ്യാപക അഴിമതി എന്ന ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തല്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. തന്റെ വെളിപ്പെടുത്തലില്‍ ബിജു പ്രഭാകര്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. കെ.എസ്.ആര്‍.ടി.സിയില്‍ ഡീസല്‍ കടത്ത് ഉള്‍പ്പെടെയുള്ള വന്‍ അഴിമതികള്‍ നടക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ പലവിധത്തില്‍ തട്ടിപ്പ് നടത്തി കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് അടൂര്‍ പോലീസ് ക്യാന്റീനില്‍ വന്‍ അഴിമതി എന്നുള്ള വാര്‍ത്ത പുറത്തു വരുന്നത്. സര്‍ക്കാരിന്റെ തന്നെ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. പഴകിയ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയെന്നും ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്നും തെളിയിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. 

കാന്റീനിലേക്ക് ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങിയെന്നും 11 ലക്ഷം രൂപയുടെ സാധനങ്ങള്‍ കാണാനില്ലെന്നും അടൂര്‍ കെ.എ.പി കമാന്‍ഡന്റ് ജെ. ജയനാഥ് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത സാധനങ്ങള്‍ കണ്ടെത്തിയതായും റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടുന്നു.. 2018-19 വര്‍ഷത്തെ ഇടപാടുകളിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഗുരുതര ക്രമക്കേടില്‍ പോലീസുകാര്‍ക്കിടയില്‍ നിന്ന് തന്നെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കമാന്‍ഡന്റ് ജയനാഥ് പോലീസ് മേധാവിക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. 

ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. കേരളത്തിലെ മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളും അഴിമതി നടത്താന്‍ പറ്റുന്ന സാഹചര്യത്തിലാണ് മുന്നോട്ട് പോകുന്നത്. വിശദമായ പരിശോധനകള്‍ വന്നു കഴിഞ്ഞാല്‍ ചിലപ്പോള്‍ ഇതിനേക്കാള്‍ ഗുരുതരമായ തട്ടിപ്പുകളും വെട്ടിപ്പുകളും കണ്ടെത്താന്‍ സാധിക്കും. രാഷ്ട്രീയ നേതൃത്വം അഴിമതി ആരോപണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുമ്പോള്‍ തന്നെ ആ ഒരു അഴിമതി സ്വഭാവം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരിലേക്കും വരുന്നു എന്ന സൂചനയായിട്ടും ഇതിനെ കാണാം. 

ഈ സര്‍ക്കാരിന്റെ കാലത്ത് മാത്രമല്ല കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്തും അഴിമതി എന്ന് പറയുന്നത് ഇവിടെ പ്രകടമായിട്ട് തന്നെ നിലനിന്നിരുന്ന സംഭവമാണ്. ഉന്നതര്‍ തന്നെ അഴിമതി ആരോപണങ്ങളില്‍ പെടുകയും അവര്‍ക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയരുകയും ചെയ്യുമ്പോള്‍ അതിന്റെ സ്വാധീനം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരിലേക്കും വ്യാപകമായി വരുന്നു എന്നതിന്റെ വ്യക്തമായ വെളിപ്പെടുത്തല്‍ കൂടിയാണ് ഈ സംഭവം. കേരളത്തില്‍ വന്‍കിട വികസന ക്ഷേമപദ്ധതികളെല്ലാം വാഗ്ദാനം ചെയ്ത് പുതിയ വികസന സങ്കല്‍പ്പവുമായി മുന്നോട്ട് പോകുന്നു എന്ന് പറയുമ്പോഴും സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി തയ്യാറായി നില്‍ക്കുന്ന ഒരുപറ്റം ആളുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ എന്നപോലെ തന്നെ ഉദ്യോഗസ്ഥ തലത്തിലുമുണ്ട്. അത്തരമൊരു സംഭവത്തിന്റെ ചിത്രം കൂടിയാണ് ഈ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. വിശദമായ അന്വേഷണങ്ങള്‍ വന്നാല്‍ ഈ രണ്ടിടത്ത് മാത്രമല്ല മിക്കവാറും വകുപ്പുകളിലെല്ലാം ഇത്തരത്തിലുള്ള അഴിമതികള്‍ കണ്ടെത്താന്‍ സാധിക്കും. പൊതുകടം നാള്‍ക്കുനാള്‍ കൂടി വരുന്ന, സാമ്പത്തിക ഞെരുക്കത്തില്‍ പെട്ടുലയുന്ന ഒരു സംസ്ഥാനത്തിലാണ് ഇത്രയും അഴിമതികളും ധൂര്‍ത്തും നടക്കുന്നത് എന്നതാണ് വിരോധാഭാസം.