Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചും തൊഴിലിനും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കിയുമുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആറാമത്തേതും തോമസ് ഐസകക്കിന്റെ പന്ത്രണ്ടാമത്തേതുമായ ബജറ്റ് പ്രസംഗത്തിലും റെക്കോര്‍ഡിട്ടു. റെക്കോഡ് തകര്‍ത്താണ് മൂന്നുമണിക്കൂറിലേറെ നീണ്ട ബജറ്റ് പ്രസംഗം മന്ത്രി തോമസ് ഐസക് അവസാനിപ്പിച്ചത്. രാവിലെ ഒമ്പതിന് തുടങ്ങിയ അവതരണം ഉച്ചയ്ക്ക് 12.17വരെ നീണ്ടു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റില്‍ പതിവുപോലെ വിദ്യാര്‍ഥികളുടെ കവിതകള്‍ ഉള്‍പ്പെടുത്താനും മറന്നില്ല.

എല്ലാക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി വര്‍ധിപ്പിച്ചതാണ് പ്രധാനപ്രഖ്യാപനം. റേഷന്‍ കടകള്‍വഴിയുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരും. വെള്ള, നീല കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരിയും വിതരണംചെയ്യും. തറവിലകള്‍ നശ്ചയിച്ച് കര്‍ഷകര്‍ക്ക് അനുകൂലമായ പദ്ധതികളും പ്രഖ്യാപിച്ചു.

അങ്കണവാടി ടീച്ചര്‍മാരുടെ പ്രതിമാസപെന്‍ഷന്‍ 2000 രൂപയായും ഹല്‍പ്പര്‍മാരുടേത് 1,500 രൂപയായും വര്‍ധിപ്പിച്ചു. ആശാവര്‍ക്കര്‍മാരുടെ അലവന്‍സില്‍ 1000 രൂപയുടെ വര്‍ധനവുവരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപവീതം കൂട്ടി.
കര്‍ഷകര്‍ക്ക് ആശ്വാസമായി റബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. നെല്ലിന് 28 രൂപയും നാളികേരത്തിന് 32 രൂപയും തറവില നിശ്ചയിച്ചു. പ്രവാസികള്‍ക്കും നിരവധി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടില്‍തിരിച്ചെത്തിയ പ്രവാസികളുടെ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തി. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി 40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12,000 പട്ടികവര്‍ഗകുടുംബങ്ങള്‍ക്കും വീടുനല്‍കും. 2080 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കിയിട്ടുള്ളത്. 

സംസ്ഥാനത്തെ തൊഴിലവസരം വര്‍ധിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ ബജറ്റില്‍ വിഭാവനംചെയ്തിട്ടുണ്ട്. 2020-21 സാമ്പത്തികവര്‍ഷത്തില്‍ എട്ടുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ മൂന്നുലക്ഷം അവസരങ്ങള്‍ അഭ്യസ്തവിദ്യര്‍ക്കും അഞ്ചുലക്ഷം മറ്റുള്ളവര്‍ക്കുമായിരിക്കും. ഡിജിറ്റല്‍ പ്ലാറ്റ്ഫോംവഴി അഞ്ചുവര്‍ഷംകൊണ്ട് 20 ലക്ഷംപേര്‍ക്കെങ്കിലും തൊഴില്‍നല്‍കുന്ന പദ്ധതിക്കും തുടക്കംകുറിക്കും. ഫെബ്രുവരിയില്‍ അതിനുള്ള രജിസ്ട്രേഷന്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 20,000 പേര്‍ക്ക് തൊഴില്‍നല്‍കുന്ന 2,500 സ്റ്റാര്‍ട്ടപ്പുകള്‍ അടുത്ത സാമ്പത്തികവര്‍ഷത്തില്‍തുടങ്ങും. ആരോഗ്യമേഖലയില്‍ 4000 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. അടിസ്ഥാന സൗകര്യവികസനമേഖലയില്‍ 50,000 കോടി മുടക്കുമുതലുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വര്‍ഷം തുടക്കമിടും. കെ ഫോണ്‍ ആദ്യഘട്ടം ഫെബ്രുവരിയോടെ പൂര്‍ത്തിയാകും. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. 

ഉന്നതവിദ്യാഭ്യാസമേഖലയിലെ പരിവര്‍ത്തനത്തിനായി വിവിധ പദ്ധതികള്‍ ബജറ്റില്‍ വിഭാവനംചെയ്യുന്നുണ്ട്. അഞ്ചുലക്ഷം പേര്‍ക്കകൂടി പഠനസൗകര്യം ഏര്‍പ്പെടുത്തും. 1000 അധ്യാപകരെ നിയമിക്കും. സര്‍വകലാശാലകളിലെ പശ്ചാത്തല സൗകര്യ വികസനത്തിനായി 2000 കോടി രൂപയുടെ സഹായം നല്‍കും. പ്രതിമാസം 50,000 രൂപമുതല്‍ ഒരു ലക്ഷംരൂപവരെയുള്ള 500 പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ അനുവദിക്കും-എന്നിങ്ങനെപോകുന്നു പ്രഖ്യാപനങ്ങള്‍.

ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് ജനുവരി അവസാനത്തോടെ ലഭിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍മുതല്‍ ശമ്പളവും പെന്‍ഷനും പരിഷ്‌കരിച്ച് ഉത്തരവിറക്കും. ശമ്പള കുടിശിക മൂന്നു ഗഡുക്കളായി പിന്നീട് നല്‍കും. ഡി.എ കുടിശികയില്‍ ഒരു ഗഡു ഏപ്രില്‍ മുതല്‍ നല്‍കും. രണ്ടാമത്തെ ഗഡു ഒക്ടോബറിലും. കുടിശിക പി.എഫില്‍ ലയിപ്പിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിസെപ്പ് 2021-22ല്‍ നടപ്പാക്കും. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് 50 ശതമാനം വാഹന നികുതിയൊഴിവ് നല്‍കും. പ്രളയ സെസ് ഓഗസ്റ്റ് മുതല്‍ ഈടാക്കില്ല.

വയനാടിന് കോഫി പാര്‍ക്ക്. ലൈഫ് മിഷനില്‍ 1.5 ലക്ഷം വീടുകള്‍ കൂടി. 20000 പേര്‍ക്ക് ഭൂമി ലഭ്യമായി. 6000 കോടി രൂപ ഇതിനായി വകയിരുത്തും. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 320 കോടി. ന്യൂനപക്ഷ ക്ഷേമത്തിന് 42 കോടി. റോഡ് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ. ആരോഗ്യ കേന്ദ്രങ്ങളില്‍ ഒപി ഇനി ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. റീജിയണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടി.

കെ.എസ്.ആര്‍.ടി.സിയില്‍ 3,000 പ്രകൃതി സൗഹൃദ ബസുകള്‍. ഇ-വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതിയിളവ്. കെ.എസ്.എഫ്.ഇ ചിട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. കെഎഫ്‌സി പുനസംഘടിപ്പിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് 5000 കോടി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള മഴവില്ല് പദ്ധതിക്ക് 5 കോടി അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.