Skip to main content

കൊവിഡ് പ്രതിസന്ധിയില്‍ നിന്നും സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും പുറത്തു കടക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാവും എന്ന പ്രതീക്ഷയോടെയാണ് കേരളം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റിനെ ഉറ്റുനോക്കുന്നത്. പ്രവാസികളുടെ മടക്കവും തൊഴിലില്ലായ്മയും കൂടിയ സാഹചര്യത്തില്‍ തൊഴില്‍ പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികളും വീട്ടമ്മമാര്‍ക്ക് നേരിട്ട് വരുമാനം എത്തിക്കുന്ന പദ്ധതികളുമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് ഉറപ്പ് പറഞ്ഞിരുന്നു. ഇന്ന് 12-ാം തവണയാണ് ധനമന്ത്രി എന്ന നിലയില്‍ തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നത്.  

എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പെങ്കിലും ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ബി.പി.എല്‍ വിഭാഗത്തിന് ലാപ്ടോപ് വാങ്ങുന്നതിനായി 25 ശതമാനം സബ്സിഡി നല്‍കും. സംവരണ വിഭാഗത്തിന് സൗജന്യമായിരിക്കും. കെ ഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.

ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കുന്ന സ്ത്രീകളെ തിരികെയെത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഫാഷനായിട്ടുണ്ട്. ആ സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കും. ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ജോലി ചെയ്യുന്നവര്‍ക്ക് ബ്ലോക്ക് മുന്‍സിപ്പല്‍ മേഖലയില്‍ സ്ഥലം കണ്ടെത്തി സെന്ററുകളില്‍ സൗകര്യം നല്‍കും. അതിനായി 5000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം കണ്ടെത്തും. ഇതില്‍ വര്‍ക്ക് സ്റ്റേഷന്‍ സൗകര്യം നല്‍കും. ഇതിനായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

തൊഴില്‍ വേണ്ടവര്‍ക്ക് അടുത്ത മാസം മുതല്‍ ഡിജിറ്റല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ 20 ലക്ഷം പേര്‍ക്ക് 5 വര്‍ഷത്തില്‍ തൊഴില്‍ നല്‍കും. കെ ഡിസ്‌ക് വഴി ഡിജിറ്റല്‍ രംഗത്ത് തൊഴില്‍ നല്‍കും. ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ തൊഴില്‍ ഉറപ്പാക്കുന്നതിനായി നൈപുണ്യ പരിശീലനം നല്‍കും.