Skip to main content

നാളെ മുതല്‍ കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ തുറക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ കര്‍ട്ടണ്‍ വീണു കിടക്കുകകയാണ് കേരളത്തിലെ സ്‌ക്രീനുകള്‍. ജനുവരി 5 മതുല്‍ തിയേറ്ററുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നെങ്കിലും ചില ഇളവുകളില്ലാതെ അത് സാധിക്കില്ലെന്ന നിലപാടിലായിരുന്നു തിയേറ്റര്‍ ഉടമകള്‍. വിഷയത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ഫിലീം ചേംബറും തിയേറ്റര്‍ ഉടമകളും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിര്‍ണായകമായ ചില തീരുമാനങ്ങള്‍ വന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയേറ്ററുകളുടെ വിനോദ നികുതി വേണ്ടെന്ന് വച്ചതാണ് അതില്‍ പ്രധാനം. ഒപ്പം അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കാനും ബാക്കി ഗഡുക്കളായി അടയ്ക്കാനും അവസരം നല്‍കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയേറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി നല്‍കിയാല്‍ മതിയാകും. അങ്ങനെ നടുവൊടിഞ്ഞ് കിടന്ന സിനിമാ മേഖലയ്ക്ക് സര്‍ക്കാര്‍ വലിയ കൈത്താങ്ങാണ് പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിയേറ്ററുകള്‍ തുറക്കാന്‍ കളമൊരുങ്ങിയത്. വിജയ് ചിത്രം മാസ്റ്ററായിരിക്കും അദ്യ റിലീസായി തിയേറ്ററുകളിലെത്തുക. പിന്നാലെ ക്രമമനുസരിച്ച് ഒരോ മലയാള ചിത്രങ്ങളും റിലീസ് ചെയ്യും. നിര്‍മ്മാണത്തുകയെ അടിസ്ഥാനമാക്കിയായിരിക്കും ചിത്രങ്ങള്‍ക്ക് എത്ര സ്‌ക്രീന്‍ അനുവദിക്കണമെന്ന് തീരുമാനിക്കുക. വലിയ മുതല്‍ മുടക്കുള്ള ചിത്രങ്ങള്‍ക്ക് കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിക്കും. 

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും കോവിഡിന് മുമ്പത്തെപ്പോലെ ജനം തിയേറ്ററിലേക്കെത്തുമോ എന്നതാണ് ഇനി അറിയേണ്ടത്. അമ്പതുശതമാനം സീറ്റുകളില്‍ മാത്രമേ ആളെക്കയറ്റാവൂ എന്നാണ് നിബന്ധന. എന്നുവച്ചാല്‍ നേരത്തേതില്‍ പകുതി പേര്‍ കയറിയാല്‍ തിയേറ്ററുകള്‍ ഹൗസ് ഫുള്ളാകും. നിലവില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാനും ഒത്തുകൂടാനൊന്നും മടിയില്ലാതായിട്ടുണ്ട്. എന്നാല്‍ തിയേറ്ററില്‍ രണ്ട് മൂന്ന് മണിക്കൂറുകള്‍ അടച്ചിട്ടിരിക്കേണ്ടി വരുമെന്നതിനാല്‍ ജനം ഏത് രീതിയില്‍ പ്രതികരിക്കുമെന്നറിയില്ല. മാത്രമല്ല കേരളത്തിലും ഇന്ത്യയിലുമൊട്ടാകെ ഒരു തിയേറ്റര്‍ സംസ്‌കാരമുണ്ട്. ഒരു ആഘോഷത്തിന്റെ സംസ്‌കാരമാണത്. സിനിമ ഇറങ്ങി അത് ആളുകളില്‍ ഒരോളമുണ്ടാക്കുകയും തുടര്‍ന്ന് ജനം തിയേറ്ററിലേക്ക് ഇരച്ചെത്തുകയും ഹൗസ് ഫുള്ളായി ഷോകള്‍ നടക്കുകയും ചെയ്യുമ്പോഴാണ് ഒരു ചിത്രം വിജയത്തിലേക്കെത്തിയിരുന്നത്. കോവിഡ് നിയന്ത്രണത്തില്‍ തിയേറ്ററുകളില്‍ ഇത്തരം ആഘോഷാരവങ്ങള്‍ക്കോ ഇടിച്ചുകയറ്റിത്തിനോ അവസരമില്ല. മാത്രമല്ല ഒന്നിടവിട്ട സീറ്റുകളില്‍ ഇരുന്ന് പടംകണ്ട് നമുക്ക് ശീലവുമില്ല. ഇതിനെല്ലാം പുറമെ കോവിഡ് പ്രേക്ഷകരിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍. 

ഒ.ടി.ടി സംസ്‌കാരത്തിലേക്ക് നല്ലൊരുശതമാനം ആളുകളും നിലവില്‍ തിരിഞ്ഞിട്ടുണ്ട്. നല്ലൊരു സ്മാര്‍ട്ട്‌ഫോണും ഹെഡ്‌സെറ്റുമുണ്ടെങ്കില്‍ അതുവഴി സിനിമ ആസ്വദിക്കാം എന്നാണ് പലരുടെയും അഭിപ്രായം. മാത്രമല്ല സിനിമകള്‍ നിലച്ചപ്പോള്‍, പലരും വെബ് സീരീസുകളിലേക്ക് ചേക്കേറിയിട്ടുമുണ്ട്. ഭാഷമലയാളമല്ലെങ്കിലും എത്രയെത്ര സീരീസുകളാണ് മലയാളികളെ നിലവില്‍ പിടിച്ചിരുത്തുന്നത്. നിലവില്‍ ഇറങ്ങിയ സീസണുകള്‍ കണ്ടുതീര്‍ത്ത് അടുത്തതിനായി കാത്തിരിക്കുകയാണ് പലരും. ആ ഇടവേളയില്‍ മറ്റ് സീരീസുകളിലേക്കും അവര്‍ പോകുന്നു. അങ്ങനെ ഒരു തുര്‍പ്രതിഭാസമായി അത് മാറിയിട്ടുണ്ട്. അങ്ങനെ ഒരു ഒടിടി സംസ്‌കാരം ഇവിടെ രൂപപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന വേളയിലാണ് തിയേറ്ററുകള്‍ തുറക്കുന്നത്. കുടുംബ പ്രക്ഷകരും ഒരു പരിധിവരെ ഒടിടിയെ ആശ്രയിച്ച് തുടങ്ങിയിരിക്കുന്നു. സൂഫിയും സുജാതയും, ഹലാല്‍ ലൗ സ്റ്റോറിയുമ്ലെല്ലാം പ്രേക്ഷക ശ്രദ്ധനേടിയത് തിയേറ്ററിലൂടെ അല്ലെന്നതും ഓര്‍ക്കണം. അടുത്തത് സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാംഭാഗം ആമസോണില്‍ വരാന്‍ പോവുകയാണ്. ഈ ഒരു പരിസ്ഥിതിയില്‍ തിയേറ്ററുകള്‍ തുറക്കുക എന്ന വെല്ലുവിളിയെ നാം അതിജീവിച്ചെങ്കിലും ആളുകളെ ആകര്‍ഷിച്ച് കയറ്റുക എന്ന വെല്ലുവിളി അവശേഷിക്കുകകയാണ്.