Skip to main content

പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങി. നയപ്രഖ്യാപനത്തിന് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭാ കവാടത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്ക് എതിരായ ഭാഗം നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വായിച്ചു.  കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഭാഗമാണ് ഗവര്‍ണര്‍ നിയമസഭയില്‍ വായിച്ചത്. 

കര്‍ഷക സമരം കേരളത്തെയും ബാധിക്കും. നിയമം കോര്‍പറേറ്റുകളെ സഹായിക്കാനുള്ളതാണ്. ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് നിയമമെന്നും ഗവര്‍ണര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് സ്ഥിരം സഹായ പദ്ധതി സംസ്ഥാനം ഒരുക്കും. സുഭിക്ഷ കേരളം പദ്ധതിക്ക് പുതിയ മുഖം നല്‍കും. സമ്പാദ്യ ശീലം വര്‍ധിപ്പിക്കാന്‍ കര്‍ഷക സഞ്ചയിക പദ്ധതി നടപ്പിലാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് സഭയ്ക്ക് പുറത്തെത്തിയ പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഡോളര്‍ കടത്തില്‍ സംശയത്തിന്റെ നിഴലിലായ സ്പീക്കര്‍ രാജിവച്ച് സഭയുടെ അന്തസ് കാത്തുസൂക്ഷിക്കുക, മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളം, സ്വര്‍ണക്കടത്തിന്റെയും അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്, തുടങ്ങിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.