Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ കൊവിഡ് വ്യാപനം കൂടുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. പൊതു ആഘോഷങ്ങള്‍ ഇല്ല എങ്കിലും ക്രിസ്തുമസിനോട് അനുബന്ധിച്ചും മറ്റും ഷോപ്പിങ് മാളുകളിലും മാര്‍ക്കറ്റുകളിലും എല്ലാം വളരെ അധികം തിരക്ക് അനുഭവപ്പെടുന്നത് നമ്മള്‍ കണ്ടതാണ്. പുതുവല്‍സരം വരുന്നു. പുതുവല്‍സരത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെങ്കില്‍ കൂടിയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റും നല്ല രീതിയിലുള്ള തിരക്ക് അനുഭവപ്പെടാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. ആള്‍ക്കൂട്ടം പാടില്ല എന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും ആളുകള്‍ ഒത്തുകൂടുന്ന രീതിയിലേക്കാണ് പുതുവല്‍സര ആഘോഷങ്ങള്‍ എന്തായാലും നീങ്ങുക. ഈ രീതി തുടര്‍ന്നു കൊണ്ട് പോയാല്‍ കൊവിഡ് വ്യാപനം വീണ്ടും കൂടും എന്നതില്‍ സംശയമില്ല. കൊവിഡ് എന്ന ഭീതി ഒഴിഞ്ഞ് മാറിയിട്ടില്ല എന്ന കാര്യം മറക്കരുത്. 

ലോകാരോഗ്യ സംഘടന ഇന്ന് ഇറക്കിയ പ്രസ്താവന ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ലോകം അഭിമുഖീകരിക്കുന്ന അവസാനത്തെ മഹാമാരി ആയിരിക്കില്ല കൊവിഡ് എന്നാണ് ലോകാരോഗ്യ സംഘടന ഇന്ന് നല്‍കിയ മുന്നറിയിപ്പ്. പരിഭ്രാന്തരാവുക, അവഗണിക്കുക വളരെക്കാലമായി ലോകം ഈ രീതിയിലാണ് മുന്നോട്ടുപോകുന്നത്. മഹാമാരി പൊട്ടിപ്പുറപ്പെടുമ്പോള്‍ അത് നിയന്ത്രണവിധേയമാക്കുന്നതിനായി പണം ചെലവഴിക്കും, മഹാമാരിയെ അതിജീവിച്ചുകഴിയുമ്പോള്‍ അതിനെ മറക്കും. അടുത്തതിനെ പ്രതിരോധിക്കാനായി യാതൊരു തയ്യാറെടുപ്പുകളും സ്വീകരിക്കുകയുമില്ല. ഇത് വളരെയധികം അപകടം നിറഞ്ഞ ദീര്‍ഘ വീക്ഷണമില്ലായ്മയാണ്. മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുളളതും. മഹാമാരിയില്‍ നിന്ന് പാഠം പഠിക്കാന്‍ നാം തയ്യാറാകണം. ഇത്തരത്തിലുണ്ടാകുന്ന ആരോഗ്യ അടിയന്തരാവസ്ഥകളെ നേരിടാന്‍ ലോകം മുഴുവന്‍ തയ്യാറെടുക്കണം എന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞത്.

ബ്രിട്ടണില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് മുപ്പതോളം രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചിരിക്കുകയാണ്. ഫ്രാന്‍സിലും ജനിതക മാറ്റം സംഭവിച്ച കൊറോണവൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കെ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സര്‍ക്കാരും ആരോഗ്യവകുപ്പും ഡോക്ടര്‍മാരും കൊവിഡിനെതിരെ പൊരുതുമ്പോള്‍ നമ്മുടെ ഭാഗത്ത് നിന്ന് അശ്രദ്ധ ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും വലിയ ആപത്ത് വരുത്തി വയ്ക്കുമെന്ന കാര്യം മറക്കാതെ ഇരിക്കുക.

സംസ്ഥാനത്ത് ഇന്ന് 4905 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂര്‍ 384, തിരുവനന്തപുരം 322, കണ്ണൂര്‍ 289, ആലപ്പുഴ 231, വയനാട് 231, പാലക്കാട് 230, ഇടുക്കി 81, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.