Skip to main content

കേരളം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തോട് കൂടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രതികൂല സാഹചര്യങ്ങള്‍ നിറയെ ഉണ്ടായിരുന്നിട്ടും വമ്പിച്ച വിജയം നേടാന്‍ കഴിഞ്ഞത് കിറ്റ് വിതരണവും ക്ഷേമ പെന്‍ഷനും കാരണമാണെന്ന് പാര്‍ട്ടി കണ്ടു. അതിന്റെ പശ്ചാത്തലത്തില്‍ വരുന്ന തിരഞ്ഞെടുപ്പ് വരെ കിറ്റ് വിതരണം ചെയ്യാനും ക്ഷേമ പെന്‍ഷന്‍ നൂറു രൂപ കൂട്ടി നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് പ്രചാരണത്തിന്റെ കേന്ദ്ര ബിന്ദുവാക്കി മാറ്റാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിച്ചിരിക്കുന്നത്. ഈ മുഖ്യ അജണ്ടയില്‍ മറ്റെല്ലാം മുങ്ങിപ്പോകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ അനുഭവം അവര്‍ക്ക് ആത്മവിശ്വാസം പകരുന്നതുമാണ്. 

പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസിനുള്ളിലെ സ്വതസിദ്ധമായ ഗ്രൂപ്പ് സമവാക്യങ്ങളും പരസ്പര പിണക്കങ്ങളും നേതൃത്വം ഇല്ലായ്മയുടെ അരക്ഷിതാവസ്ഥയും തുടങ്ങി എല്ലാം കൊണ്ടും ഒരു തകര്‍ന്ന അവസ്ഥയില്‍ നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് യു.ഡി.എഫിലെ രണ്ടാമത്തെ മുഖ്യകക്ഷിയായ മുസ്ലീം ലീഗ് യു.ഡി.എഫിന്റെ നേതൃത്വം തന്നെ ഏറ്റെടുക്കുന്ന തരത്തിലുള്ള സന്ദേശം സൃഷ്ടിച്ചു കൊണ്ട് തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ വ്യാപൃതനാക്കാനും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനും തീരുമാനിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ ഊര്‍ജസ്വലമായ നേതൃത്വത്തെ കൊണ്ടുവരുന്നതിന്റെ പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. സി.പി.എമ്മും ഇടതുപക്ഷവും ബി.ജെ.പിയെയും ആര്‍.എസി.എസിനെയും ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷ പ്രീണനം നടത്തി മുസ്ലീം വിഭാഗത്തിലെ വോട്ടുകള്‍ നേടാന്‍ ശ്രമിക്കുന്നതിന് ഒരു പരിതി വരെ തടയിടുക എന്നത് ഇതിലൂടെ അവര്‍ ലക്ഷ്യം വയ്ക്കുന്നു. അതോടൊപ്പം തന്നെ ഐക്യജനാധിപത്യ മുന്നണിയില്‍ കൂടുതല്‍ സ്വാധീനവും മേധാവിത്വവും ഉറപ്പിക്കുക. ഈ രണ്ട് ലക്ഷ്യങ്ങളോട് കൂടിയാണ് മുസ്ലീം ലീഗ് ഈ രീതിയിലുള്ള ഒരു മുന്നൊരുക്കത്തിലേക്ക് മാറിയിരിക്കുന്നത്. 

അതേപോലെ തന്നെ ബി.ജെ.പിയും ആര്‍.എസ്.എസും ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എങ്ങനെ നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തുകയും അതോടൊപ്പം തന്നെ കൂടുതല്‍ സീറ്റുകള്‍ നേടുകയും ചെയ്യാമെന്നുള്ള തീവ്രമായ ആലോചനയിലാണ്. പന്തളം മുനിസിപ്പാലിറ്റി അവര്‍ക്ക് ലഭ്യമായത് അവരുടെ പ്രതീക്ഷകളെ ഊട്ടിവളര്‍ത്തുന്നുമുണ്ട്. 

ഈ രീതിയില്‍ ഇപ്പോള്‍ തെളിഞ്ഞു വരുന്ന ഒരു ചിത്രമെന്ന് പറയുന്നത് തുല്യ തോതിലല്ലെങ്കിലും ത്രികോണ മല്‍സരത്തിന്റെ അന്തരീക്ഷമാണ്. ത്രികോണ മല്‍സരമുണ്ടാകുമ്പോള്‍ സ്വാഭാവികമായും ഏറ്റവും ദുര്‍ബലമാകാന്‍ പോകുന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലുള്ള നേതൃത്വമില്ലായ്മ, അതിനേക്കാള്‍ ഗുരുതരമായിട്ടുള്ള സംസ്ഥാനതലത്തില്‍ സ്വാധീനശേഷിയുള്ള നേതൃത്വമില്ലായ്മ, തമ്മില്‍ പോര് ഇതെല്ലാം കോണ്‍ഗ്രസ് ദുര്‍ബലമാകാന്‍ കാരണമാകും. ഇതുവരെ ഉണ്ടായിട്ടുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രം വെച്ച് നോക്കുമ്പോള്‍ രണ്ട് കാരണങ്ങള്‍ കൊണ്ട് യു.ഡി.എഫിന് ഏറ്റവും അനുകൂലമായിട്ടുള്ള സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ഒന്ന്, ഒരു മുന്നണി കഴിഞ്ഞാല്‍ അടുത്ത മുന്നണി എന്ന പതിവ് രീതി. അത് ഒരു പരിധി വരെ തങ്ങള്‍ക്ക് മറികടക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് എല്‍.ഡി.എഫിന്റെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. രണ്ട്, അഴിമതിയാണ്. ഇതുവരെ ഉണ്ടായിട്ടുള്ള തിരഞ്ഞെടുപ്പ് നോക്കിക്കഴിഞ്ഞാല്‍ അഴിമതി ഉയര്‍ത്തിക്കാണിച്ചു കൊണ്ടാണ് ഭരണത്തില്‍ ഇരിക്കുന്ന മുന്നണിയെ പ്രതിപക്ഷം താഴെ ഇറക്കിയിട്ടുള്ളത്. എന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതി ആരോപണത്തില്‍ മുങ്ങി നിന്നപ്പോഴാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തിളക്കമാര്‍ന്ന വിജയം നേടിയത്. ഇതോടുകൂടി ഇതുവരെ ഉണ്ടായിട്ടുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രം തിരുത്തിക്കുറിക്കപ്പെടും എന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. 

അതേ സമയം മുസ്ലീംലീഗ് കരുതുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പ്രതികരണമായിരിക്കില്ല നിയമസഭാ തിരഞ്ഞെടുപ്പിലേത് എന്നാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തേയും രാഷ്ട്രത്തേയും ബാധിക്കുന്ന വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും അത്തരമൊരു സാഹചര്യത്തില്‍ എല്‍.ഡി.എഫിനെതിരെയുള്ള രോഷം വോട്ടിങ്ങില്‍ പ്രതിഫലിക്കുകയും നേരിയ ഭൂരിപക്ഷത്തിനെങ്കിലും യു.ഡി.എഫ് അധികാരത്തില്‍ എത്തുകയും ചെയ്യുമെന്നുള്ളതാണ് മുസ്ലീം ലീഗിന്റെ കണക്കുക്കൂട്ടല്‍. ആ സാഹചര്യത്തെ എങ്ങനെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ കഴിയും, ഭരണത്തില്‍ എങ്ങനെ തങ്ങള്‍ക്ക് മേധാവിത്വം സ്ഥാപിക്കാന്‍ കഴിയും എന്നുള്ളതാണ് മുസ്ലീംലീഗ് ഇപ്പോള്‍ ഇങ്ങനെയൊരു നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ചുരുക്കത്തില്‍ കേരളത്തിലെ ഭരണപക്ഷവും കോണ്‍ഗ്രസ് ഒഴിച്ചുള്ള പ്രതിപക്ഷവും തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളിലേക്ക് കടന്നു കഴിഞ്ഞു. ഇനി വരും ദിവസങ്ങളില്‍ കാണാന്‍ കഴിയുക തിരഞ്ഞെടുപ്പുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും രാഷ്ട്രീയ നീക്കങ്ങളായിരിക്കും.