Skip to main content

കാസര്‍ഗോഡ് കല്ലൂരാവിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ യൂത്ത് ലീഗ് നേതാവുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ഇര്‍ഷാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. സംഘര്‍ഷത്തില്‍ പരുക്കേറ്റ ഇര്‍ഷാദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അബ്ദുള്‍ റഹ്‌മാന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് പ്രശ്നങ്ങള്‍ നടന്നിരുന്നുവെന്നും വിജയാഹ്ളാദത്തിന് നേരെയും മുസ്ലീംലീഗ് ആക്രമണം നടന്നിരുന്നുവെന്നും അബ്ദുറഹ്‌മാനെ ആശുപത്രിയില്‍ എത്തിച്ച റിയാസ് പറഞ്ഞു.

ആക്രമണവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് മുസ്ലീംലീഗ് നിലപാട്. ആക്രമണത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ എല്‍.ഡി.എഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംഘര്‍ഷം നിലനിന്നിരുന്ന കല്ലൂരാവിയില്‍ ഇന്നലെ രാത്രി പത്തു മണിയോടെയാണ് കൊലപാതകം നടന്നത്. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ അബ്ദുള്‍ റഹ്‌മാനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു. മുസ്ലിം ലീഗ്  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് അബ്ദുള്‍ റഹ്‌മാന് കുത്തേറ്റത്. കൂടെ ഉണ്ടായിരുന്ന ശുഹൈബ് പരുക്കുകളോടെ രക്ഷപ്പെട്ടു.