Skip to main content

വാഗമണ്‍ വട്ടപ്പതാലില്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലെ നിശാപാര്‍ട്ടിക്കിടെ റെയ്ഡ് നടത്തി നിരോധിത ലഹരിവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായത് ഒമ്പതു പേര്‍. ഒരു യുവതിയും എട്ട് യുവാക്കളെയുമാണ് അറസ്റ്റ് ചെയ്തതതെന്ന് എഎസ്പി എസ്.സുരേഷ് കുമാര്‍ പറഞ്ഞു. 58 പേരാണ് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തത്. റിസോര്‍ട്ട് ഉടമയെ പ്രതിചേര്‍ക്കുന്ന കാര്യം വിശദമായ അന്വേഷണത്തിന് ശേഷമെ തീരുമാനിക്കൂ. 

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ ഒത്തുകൂടിയത്. ഇതിന് നേതൃത്വം നല്‍കിയവരും ലഹരിമരുന്ന് എത്തിച്ചവരുമാണ് നിലവില്‍ പിടിയിലായത്. മഹാരാഷ്ട്ര, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ എത്തിച്ചത് എന്നും പോലീസ് അറിയിച്ചു.

തൊടുപുഴ സ്വദേശി അജ്മല്‍, മലപ്പുറം സ്വദേശിനി മെഹര്‍ ഷെറിന്‍, എടപ്പാള്‍ സ്വദേശി നബീല്‍, കോഴിക്കോട് സ്വദേശികളായ സല്‍മാന്‍, അജയ്, ഷൗക്കത്ത്, കാസര്‍കോട് സ്വദേശി മുഹമ്മദ് റഷീദ്, ചാവക്കാട് സ്വദേശി നിഷാദ്, തൃപ്പൂണിത്തറ സ്വദേശി ബ്രസ്റ്റി വിശ്വാസ് എന്നിവരാണ് അറസ്റ്റിലായത്.

നര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. ഇതേത്തുടര്‍ന്ന്, 60 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നത്. ഇവരില്‍ 25 പേര്‍ സ്ത്രീകളായിരുന്നു. എന്നാല്‍ ഇവരില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയവരെ മാത്രം അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ സംബന്ധിച്ച് അന്വേഷണം നടന്ന് വരികയാണ്. 

പിറന്നാള്‍ ആഘോഷം എന്നുപറഞ്ഞാണ് സ്വകാര്യ വ്യക്തികള്‍ റിസോര്‍ട്ടില്‍ റൂമെടുത്തതെന്നും രാത്രി 8 മണിക്ക് മുമ്പ് തിരികെ പോകുമെന്ന് ഇവര്‍ ഉറപ്പുനല്‍കിയിരുന്നുവെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ റിസോര്‍ട്ട് ഉടമ ഷാജി പറയുന്നു. 

അറസ്റ്റിലായ നബീല്‍, സല്‍മാന്‍ എന്നിവരുടേതും കൊല്ലം സ്വദേശിനി സൗമ്യ എന്നീ മൂന്ന് പേരുടെ ജന്മദിനത്തിന്റെ ഭാഗമായിട്ടായിരുന്നു പാര്‍ട്ടി. എല്‍.എസ്.ഡി. ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും, ഹെറോയിനും കഞ്ചാവും പിടിച്ചെടുത്തവയിലുണ്ട്. എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്.