Skip to main content

'പിന്നിലൂടെ ചെന്ന് തലയ്‌ക്കൊരു തോണ്ടല്‍. തിരിഞ്ഞു നിന്ന് മുഖമടച്ച് ഒരടി. അടിച്ചവന് ആര്‍പ്പുവിളിച്ച് അനുചര സംഘം. അടി കൊണ്ടവന്റെ ഒപ്പം നിന്നവനും മുങ്ങി'. കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിനെ തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്ക് പൊട്ടിത്തെറിച്ചതും മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനോട് പ്രതികരിച്ചതും അനന്തര സംഭവങ്ങളും കണ്ടപ്പോള്‍ തോന്നിയത് ഇങ്ങനെയാണ്.

ഇതാരുടെ വട്ട് എന്നായിരുന്നു വിജിലന്‍സ് റെയ്ഡിനെപ്പറ്റി ഐസക്കിന്റെ ചോദ്യം. സ്വകാര്യ ചിട്ടിക്കാരനു വേണ്ടിയുള്ള റെയ്ഡ് എന്നു പറഞ്ഞ് ഐസക്കിന് ഒപ്പാരി പറയാന്‍ എത്തിയത് മുതിര്‍ന്ന സി.പി.എം.നേതാവ് ആനത്തലവട്ടം ആനന്ദന്‍. പിണറായിയുടെ ആഭ്യന്തരവകുപ്പിലെ വിജിലന്‍സിനെതിരെ ഗോദായില്‍ മുഷ്ടി ചുരുട്ടി മപ്പടിച്ചു നില്‍ക്കുന്ന ഐസക്കിനെയും ആനത്തലവട്ടത്തേയും നോക്കി നിന്ന കാണികള്‍ക്കു മുമ്പിലേക്ക് പിണറായി വരാന്‍ ഒരു ദിവസമെടുത്തു. വന്നപാടെ ഒറ്റയടി - വിജിലന്‍സ് പരിശോധന നടപടിക്രമം അനുസരിച്ചു തന്നെ. അതില്‍ അസാധാരണമായിട്ടൊന്നുമില്ല. എന്നു മാത്രമല്ല കെ.എസ്.എഫ്.ഇയില്‍ എന്തോ ചില കുഴപ്പങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്ന സൂചനയും. മപ്പടിച്ചു നിന്ന ഐസക്കിനെ ഗോദയിലിറങ്ങി പെരുമാറുന്ന പിണറായിയെ കണ്ടപാടെ ബലേ ഭേഷ് വിളികളുമായി മന്ത്രിമാരായ ജി.സുധാകരനും ഇ.പി.ജയരാജനും കടകമ്പള്ളി സുരേന്ദ്രനും ഓടിയടുക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഐസക്കിനൊപ്പം ആനത്തലവട്ടം നിന്നിടത്താകട്ടെ ആനയുമില്ല ആനയുടെ പൂട പോലുമില്ല എന്ന അവസ്ഥയും. മന്ത്രിമാര്‍ തമ്മിലുള്ള പോര്‍വിളി കൊഴുക്കുന്നതിനിടയില്‍ ചേര്‍ന്ന അടിയന്തിര പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ മന്ത്രി ഐസക്കും മുഖ്യമന്ത്രി പിണറായിയും നിലപാടുകളില്‍ ഉറച്ചു നിന്നുവെന്ന് വാര്‍ത്ത. മന്ത്രിസഭയില്‍ ഐസക്ക് ഒറ്റപ്പെട്ടു, കേന്ദ്ര നേതൃത്വത്തിന് അതൃപ്തി എന്നീ അനുബന്ധ വാര്‍ത്തകള്‍ക്കൊപ്പം പാര്‍ട്ടിക്കുള്ളില്‍ ചേരിപ്പോര് രൂക്ഷമാകുന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുള്ള സംഭവവികാസങ്ങളാണ് നടക്കുന്നത്. ഇതില്‍ ആരാണ് തെറ്റുകാരന്‍? ഈ സമയത്ത് സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.എഫ്.ഇയില്‍ വ്യാപകമായ രീതിയില്‍ മിന്നല്‍ പരിശോധന നടത്തിച്ച മുഖ്യമന്ത്രിയാണോ? പരിശോധനയുടെ പേരില്‍ യാതൊരാലോചനയുമില്ലാതെ പ്രതികരിച്ച ധനമന്ത്രിയാണോ? ഇത് സാധാരണ പ്രവര്‍ത്തകരില്‍ ചര്‍ച്ചാ വിഷയമാണ്.

തോമസ് ഐസക്കിന്റെ അധികാരത്തിന്‍ കീഴിലുള്ള ധനകാര്യ സ്ഥാപനമാണ് കെ.എസ്.എഫ്. ഇ. അവിടെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടക്കുന്നുവെന്ന രീതിയിലുള്ള കണ്ടെത്തലുകളാണ് വിജിലന്‍സ് പുറത്തുവിട്ടത്. ധനകാര്യ വകുപ്പിനു കീഴിലുള്ള കിഫ് ബി യുടെ പ്രവര്‍ത്തനത്തെ കേന്ദ്ര ഏജന്‍സിയായ സി.എ.ജി. വിമര്‍ശിച്ചത് വിവാദമായി നില്‍ക്കുമ്പോഴാണ് മറ്റൊരു ധനകാര്യ സ്ഥാപനത്തെ സംശയ നിഴലിലാക്കുന്നതെന്നാണ് ഐസക്ക് ഉയര്‍ത്തുന്ന പ്രശ്‌നം. ഇത് കെ.എസ്.എഫ്.ഇയില്‍ കയറി നിരങ്ങാന്‍ ഇ.ഡി.ക്ക് അവസരം നല്‍കുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. ഇതെല്ലാം സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കു ന്നാണ് ഐസക്കിന്റെ കാഴ്ചപ്പാട്. ഇതേ ആശങ്ക പങ്കു വയ്ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒട്ടും കുറവല്ല. ഇതിനുള്ള മറുപടിയിലൂടെ താന്‍ അഴിമതി വിരുദ്ധനാണെന്ന നിലപാടാണ് പിണറായി ഉയര്‍ത്തുന്നത്. അതിന് അദ്ദേഹം വിജിലന്‍സ് നടത്തിയിട്ടുള്ള മിന്നല്‍ പരിശോധനകളുടെ വലിയ പട്ടികയും നിരത്തുന്നു. എന്നാല്‍  അത്ര നിഷക്കളങ്കമല്ല ഈ മിന്നല്‍ പരിശോധന എന്ന് വിശ്വസിക്കുന്നവര്‍ ധാരാളം. 

എന്തെങ്കിലും കാരണ വശാല്‍ മുഖ്യമന്ത്രി പദവി പിണറായിക്ക് ഒഴിയേണ്ടി വന്നാല്‍ ഐസക്ക് പകരക്കാരനാവരുതെന്ന കണക്കുകൂട്ടല്‍ ഇതിനു പിന്നില്‍ ഉണ്ടെന്ന് കരുതുന്നവരുണ്ട്. പിണറായിയും ഐസക്കും സ്വരച്ചേര്‍ച്ചയിലല്ലെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഐസക്കിനെ ധന മന്ത്രിയാക്കിയപ്പോള്‍ ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനു കാരണം ഇതായിരുന്നുവത്രേ. അടുത്ത തിരഞ്ഞെടുപ്പില്‍ ഐസക്കിന് സീറ്റുണ്ടാവില്ലെന്ന കഥയും ഏറെ കാലമായി അന്തരീക്ഷത്തിലുണ്ട്. 

കിഫ്ബിക്കെതിരായ സി.എ.ജി. റിപ്പോര്‍ട്ടിലും അതിനു പിന്നാലെ വന്ന കെ.എസ്.എഫ്. ഇ. വിജിലന്‍സ് റെയ്ഡിലും ഐസക് പൊട്ടിത്തെറിച്ചതും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍ . പല വിധ ആരോപണങ്ങളിലും സ്വന്തം ഉദ്യോഗസ്ഥന്മാര്‍ക്കെതിരായ അന്വേഷണത്തിലും പിണറായി പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഐസക്കിന് പ്രതികരിക്കാനാവുക. ഇടതുപക്ഷക്കാര്‍ക്കാകെ ശരിയെന്നു തോന്നുന്ന അഭിപ്രായം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ രക്ത സാക്ഷിത്വം വരിക്കണമെങ്കില്‍ അതുമാകാം എന്ന അവസ്ഥയില്‍ ഐസക്ക് എത്തിയെന്നാണ് വിലയിരുത്തേണ്ടത്. ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്ന ചോദ്യം അദ്ദേഹത്തിനു മുമ്പിലുണ്ട്.