Skip to main content

സര്‍ക്കാരും പാര്‍ട്ടിയും അനുദിനം ഊരാക്കുടുക്കിലേക്കു വീണു കൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ രാജി വയ്പിക്കാന്‍ കരു നീക്കങ്ങള്‍. പിണറായി വിരുദ്ധ ക്യാമ്പ് ഇതിനുള്ള തന്ത്രങ്ങളിലാണ്.മുഖ്യമന്ത്രി എന്ന നിലയില്‍ വന്‍ പരാജയമാണ് പിണറായി എന്ന് സമര്‍ത്ഥിക്കുന്ന നടപടികളിലാണ് വിരുദ്ധ ക്യാമ്പ് . കെ.എസ്.എഫ്.ഇ.യിലെ വിജിലന്‍സ് റെയ്ഡാണ് ഒടുവിലത്തെ ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരിന്റെ ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത മുഴുവന്‍ തകര്‍ക്കുന്ന വിധത്തില്‍ നടന്ന റെയ്ഡിനെതിരെ ധനമന്ത്രി തോമസ് ഐസക് എടുത്ത നിലപാട് പിണറായിക്കുള്ള ഒളിയമ്പാണ്.

ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന പിണറായിയുടെ കീഴിലുള്ള വിജിലന്‍സ് , സ്വന്തം സര്‍ക്കാരിന്റെ കീഴിലുള്ള പണമിടപാട് സ്ഥാപനത്തില്‍ റെയ്ഡ് നടത്തി അവിടെ ചിട്ടിയുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തുന്നുവെന്നാണ് വെളിപ്പെടുത്തിയത്. കേന്ദ്ര ഏജന്‍സിയായ ഇ.ഡി.ക്ക് കെ.എസ്.എഫ്.ഇയിലേക്കു ചുവപ്പുപരവതാനി വിരിച്ചു കൊടുക്കുന്ന നടപടിയായാണ് ഐസക്ക് ഇതിനെ കാണുന്നത്. 

സ്വര്‍ണ്ണക്കള്ളക്കടത്തു മുതലുള്ള വിവാദങ്ങളുടെ പേരില്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന സര്‍ക്കാരിനെ സ്വന്തം കുറ്റാന്വേഷണ ഏജന്‍സിയും സംശയ നിഴലിലാക്കിയെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയെന്ന് വരുത്തി പുകച്ചു പുറത്തു ചാടിക്കാനുള്ള ആസൂത്രണമാണ് നടക്കുന്നത്.കെ.എസ്.എഫ്. ഇ വിവാദങ്ങള്‍ക്കു പിന്നാലെ കേന്ദ്ര ഏജന്‍സി അന്വേഷണങ്ങളുമായി ഊരാളുങ്കല്‍ സൊസൈറ്റിയിലേക്ക് എത്തിയതും അപകട സൂചനയാണ്. അവിടുത്തെ ഇടപാടുകളിലെ സംശയങ്ങളും പിന്നറായിയുടെ നേര്‍ക്കാന്നെന്നാണ് സൂചന. വടകരയിലും തലശ്ശേരിയിലും ഇ.ഡി. ചില സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പിണറായിയുടെ അഡീഷണല്‍ സെക്രട്ടറി സി.എം. രവീന്ദ്രന് അവിടെ ഇടപാടുകളുണ്ടെന്നാണ് കേന്ദ്ര സംഘങ്ങളുടെ സംശയം. അവിടെ  മുഖ്യമന്ത്രിയും കുരുക്കിലാകാനിടയുണ്ടെന്ന അണിയറ വര്‍ത്തമാനങ്ങളും പ്രചരിക്കുന്നുണ്ട്.

അങ്ങനെ സംഭവിച്ചാല്‍ രാജിയല്ലാതെ മുഖ്യമന്ത്രിക്കു മറ്റു പോംവഴിയില്ലെന്ന നില വരും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുമ്പൊരിക്കലുമില്ലാത്ത വിധം പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ് കേരളത്തില്‍.