Skip to main content

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുഹമ്മദ് ഹനീഷ് ഐ.എ.എസിനെ  വിജിലന്‍സ് പ്രതി ചേര്‍ത്തു. നിര്‍മ്മാണ കരാര്‍ നല്‍കുമ്പോള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എം.ഡിയായിരുന്നു മുഹമ്മദ് ഹനീഷ്. അനധികൃതമായി വായ്പ നല്‍കാന്‍ കൂട്ടുനിന്നെന്ന കേസിലാണ് ഹനീഷിനെ പ്രതി ചേര്‍ത്തത്. കേസില്‍ പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ ചേര്‍ത്തിരിക്കുന്നത്. കിറ്റ്കോ കണ്‍സല്‍ട്ടന്റുമായ എം.എസ്.ഷാലിമാര്‍, നിഷ തങ്കച്ചി, ബംഗളൂരു നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ എച്ച്.എല്‍. മഞ്ജുനാഥ്, സോമരാജന്‍ എന്നിവരേയും കേസില്‍ പ്രതി ചേര്‍ത്തു.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന വിജിലന്‍സ് അപേക്ഷ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കും. നാല് ദിവസത്തേക്ക് ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. നിലവില്‍ കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ ചികിത്സ തുടരുകയാണ്. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.