Skip to main content

എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. 

കഴിഞ്ഞ വ്യാഴാഴ്ച ഒരുദിവസം മുഴുവന്‍നീണ്ട വാദപ്രതിവാദത്തിനുശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയാനായി കേസ് മാറ്റിയത്. രാവിലെ 11 ന് വിധി പറയാനാണ് കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍  ശിവശങ്കര്‍ ഇന്നലെ രേഖാമൂലം സമര്‍പ്പിച്ച വാദങ്ങള്‍ എതിര്‍ത്ത് കൊണ്ട് രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റ് സത്യാവങ്മൂലം നല്‍കിയതിന് പിന്നാലെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മൂന്ന് മണിയിലേക്ക് മാറ്റിവെക്കുകയായിരുന്നു.

കഴിഞ്ഞമാസം 29-ാം തിയതിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. അതിനുശേഷം വ്യാഴാഴ്ച വരെ അദ്ദേഹം ഇ.ഡിയുടെ കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് കാക്കനാട് ജയിലിലാണ് അദ്ദേഹം ഉണ്ടായിരുന്നത്. 

ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെട്ടേക്കാം മാത്രമല്ല അദ്ദേഹം ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. ഒളിവില്‍ പോയാല്‍ തിരികെ പിടികൂടുക എളുപ്പമായിരിക്കില്ല അതുകൊണ്ടുതന്നെ ജാമ്യം നല്‍കരുത് എന്നായിരുന്നു ഇ.ഡിയുടെ വാദം.