Skip to main content

മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടീസ്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈന്തപ്പഴവും മതഗ്രന്ഥവും വിതരണം ചെയ്ത കേസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നയതന്ത്ര ചാനല്‍ വഴി പാഴ്സല്‍ കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈന്തപ്പഴം, മതഗ്രന്ഥം എന്നിവ കൊണ്ടുവന്നതിലാണ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. 

നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കോണ്‍സുലേറ്റിന്റെ ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കില്‍ രാജ്യത്തിന്റെ അനുമതി വേണം. യു.എ.ഇ കോണ്‍സുലേറ്റിനെ എതിര്‍കക്ഷിയാക്കിയാണ് കസ്റ്റംസ് അന്വേഷണം.

ആകെ 4478 കിലോഗ്രാം മതഗ്രന്ഥം ആണ് നയതന്ത്ര പാഴ്സല്‍ വഴി സംസ്ഥാനത്ത് എത്തിച്ചത്. ഇത് മലപ്പുറത്ത് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്നാണ് കണ്ടെത്തല്‍. നയതന്ത്ര പാഴ്സലില്‍ എത്തുന്നവ പുറത്ത് വിതരണം ചെയ്യുന്നത് നിയമപരമല്ല എന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. 

എന്‍.ഐ.എയും ഇ.ഡിയും രണ്ട് തവണയും ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.