Skip to main content

കേന്ദ്ര അന്വേഷണ ഏജന്‍സികളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അതിന്റെ അന്തസത്തയും ക്രമാതീതമായി ലംഘിക്കപ്പെടുമ്പോള്‍ ചിലത് പറയാതെ പറ്റില്ലെന്നും ഏതെങ്കിലും ഏജന്‍സിയെയോ ഉദ്യോഗസ്ഥനെയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നത് എന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വിമര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 

അന്വേഷണം ഒരു ഏജന്‍സി സ്വകാര്യമായി നടത്തേണ്ട കാര്യമാണ് എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ തലത്തിലേക്കാണ് നീങ്ങുന്നത്. തുടക്കത്തില്‍ അന്വേഷണം അതിന്റേതായ രീതിയില്‍ നല്ല രീതിയില്‍ നടന്നു. എന്നാല്‍ ഏജന്‍സികളുടെ ഭാഗത്ത് നിന്ന് പിന്നീടുണ്ടായ ചില ഇടപെടലുകള്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നുവെന്ന സംശയമുണര്‍ത്തുന്ന തരത്തിലായി. അന്വേഷണം പുരോഗമിക്കുമ്പോള്‍ എന്തെങ്കിലും വെളിച്ചത്താകുമോ എന്ന ഭയമാണ് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്ന് വ്യാപകമായി പ്രചരണം അഴിച്ചുവിടുന്ന വിധത്തിലായി എന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മൊഴികളിലേയും മറ്റും ഭാഗങ്ങള്‍ ഓരോരുത്തരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചോര്‍ന്ന് മാധ്യമങ്ങളില്‍ വരുന്ന അവസ്ഥയുണ്ടാകുന്നുവെന്നും മുഖ്യമന്ത്രി ആരോപിചിച്ചു. ഏജന്‍സിക്ക് പുറത്തുളള ആളുകള്‍ അടുത്ത ഘട്ടത്തില്‍, അടുത്ത നിമിഷം, അടുത്ത ദിവസം എന്താണ് ചെയ്യാന്‍ പോകുന്നത്, എങ്ങനെയാണ് ഏജന്‍സി പോകുന്നത് എന്നത് സംബന്ധിച്ച മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. അവര്‍ എന്താണോ പ്രഖ്യാപിക്കുന്നത് അത് അനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ അടുത്ത ദിവസം നീങ്ങുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.