Skip to main content

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍. ആക്രമിക്കപ്പെട്ട നടിയുടെയും മഞ്ജു വാര്യരുടെയും മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച പറ്റിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 

മകളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയില്ല. മൊഴി കൊടുക്കുന്നതിന് 3 ദിവസം മുമ്പ് മകള്‍ ഫോണില്‍ വിളിച്ച് ദിലീപിനെതിരെ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജു നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴി രേഖപ്പെടുത്താന്‍ വിചാരണക്കോടതി തയ്യാറായില്ല. 

നടിയെ വകവരുത്തുമെന്ന് ദിലീപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് കേട്ടറിവ് മാത്രമല്ലെ എന്ന് ചോദിച്ച് ഈ മൊഴിയും രേഖപ്പെടുത്തിയില്ല എന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. നടി പറഞ്ഞ മറ്റു 
ചില കാര്യങ്ങളും രേഖപ്പെടുത്തിയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.