ജോസ് കെ മാണി ഇടത് മുന്നണിയില്‍ ചേര്‍ന്നു. പാലായിലെ ജോസ് കെ മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് മുന്നണി പ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചത്. തോമസ് ചാഴിക്കാടന് എം.പി., റോഷി അഗസ്റ്റിന്, എന്‍. ജയരാജ് എന്നീ എം.എല്‍.എമാരുമാണ് ജോസ് കെ. മാണിയെ കൂടാതെ യോഗത്തില്‍ പങ്കെടുത്തത്. രാജ്യസഭാ എം.പി സ്ഥാനം രാജിവെക്കുമെന്നും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജിയെന്നും ജോസ് കെ മാണി പറഞ്ഞു.
യു.ഡി.എഫില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ പുറത്താക്കിയിട്ട് മൂന്ന് മാസമായെന്നും, തങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്നും ജോസ്.കെ.മാണി പറഞ്ഞു. പ്രതിപക്ഷം ഭാരണപക്ഷത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ തങ്ങളുടെ എം.എല്‍.എമാരുമായി ബന്ധപ്പെട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള അജണ്ഡയാണ് നടന്നതെന്നും ജോസ് കെ മാണി ആരോപിച്ചു.