Skip to main content

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂറാണ് കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. സ്വപ്നയുമായുള്ള ഫോണ്‍ വിളികള്‍, മതഗ്രന്ഥം സംബന്ധിച്ച വിവരങ്ങള്‍, ആസ്തികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മന്ത്രിയോട് ചോദിച്ചറിഞ്ഞതായാണ് വിവരം.

സ്വപ്ന അടക്കം ഉള്ളവരോടുള്ള ബന്ധം ഔദ്യോഗികം മാത്രമാണ്. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഇത്തരം ബന്ധങ്ങള്‍ ഉപയോഗിച്ചിട്ടില്ല. കോണ്‍സല്‍ ജനറലുമായുള്ള ബന്ധത്തില്‍ അസ്വാഭാവികതയില്ല. പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നും ജലീല്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. താന്‍ സമ്പന്നനല്ല. തനിക്ക് പത്തൊമ്പതര സെന്റ് സ്ഥലം മാത്രമാണുള്ളത്. ഒന്നര ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. 3.5 ലക്ഷം രൂപ ട്രഷറിയില്‍ ഉണ്ട്. സ്വന്തമായി വാഹനമോ സ്വര്‍ണമോ ഇല്ല തുടങ്ങിയ കാര്യങ്ങളും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.

യുഎഇയില്‍ നിന്ന് വന്ന മതഗ്രന്ഥ പാഴ്സലുകളുടെ തൂക്കത്തില്‍ 20 കിലോ കുറവെന്ന് കണ്ടെത്തലുണ്ട്. എന്നാല്‍ യുഎഇയില്‍ നിന്നെത്തിയത് 4478 കിലോയാണ്. 4458 കിലോയാണ് മതഗ്രന്ഥങ്ങളുടെ തൂക്കം. ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്ന് മന്ത്രിയുടെ മറുപടി പറഞ്ഞതെന്നാണ് വിവരം. ജലീല്‍ പറഞ്ഞ പല കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടു ജലീലിനെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നുമാണ് വിവരം.