Skip to main content

പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഡിവിഷന്‍ ബെഞ്ച് ഉത്തരവിന് ശേഷവും കേസ് ഡയറി സിബിഐക്ക് കൈമാറാതിരിക്കുകയാണ് ക്രൈംബ്രാഞ്ച്. രേഖകള്‍ അവശ്യപ്പെട്ട് സിബിഐ നാല് തവണ കത്ത് നല്‍കിയിരുന്നു.കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നാണ് സിംഗിള്‍ ബെഞ്ച് കേസന്വേഷണം സിബിഐക്ക് വിട്ടത്. പിന്നാലെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ച് കൈമാറിയില്ല. ഇതോടെ അന്വേഷണ നടപടികള്‍ നിലച്ചിരുന്നു.

2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. ബൈക്കില്‍ ശരത് ലാലിന്റെ വീട്ടിലേക്കു പോകുേമ്പാള്‍ അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി അയ്യങ്കാവ് വീട്ടില്‍ പീതാംബരനാണ് ഒന്നാം പ്രതി. കേസില്‍ ആകെ 14 പ്രതികളാണുള്ളത്.