Skip to main content

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് ചോദ്യം ചെയ്യല്‍ നടന്നത്. കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യംചെയ്യല്‍. വിദേശത്തുനിന്ന് നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിയതും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മന്ത്രിയോട് ചോദിച്ചതെന്നാണ് വിവരം. 

രണ്ടര മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലാണ് നടന്നത്. ചോദ്യം ചെയ്യലിന് ഹാജരാകന്‍ മന്ത്രി ജലീലെത്തിയത് സ്വകാര്യ വാഹനത്തിലാണ്. ഔദ്യോഗികവാഹനം അരൂരിലെ വ്യവസായിയുടെ സ്ഥലത്ത് നിര്‍ത്തിയിട്ടു. അവിടെ നിന്ന് സ്വകാര്യവാഹനത്തില്‍ ഇഡി ഓഫിസിലേക്ക് പോകുകയായിരുന്നന്നാണ് വിവരം. ജലീലിനെ ചോദ്യംചെയ്ത വിവരം എന്‍ഫോഴ്‌സ്‌മെന്റ് മേധാവിയാണ്  വെളിപ്പെടുത്തിയത്. 

തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നയതന്ത്ര ബാഗേജ് വഴി എത്തിച്ച മതഗ്രന്ഥങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കേന്ദ്രാനുമതിയില്ലാതെ മതഗ്രന്ഥങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനോ വിതരണംചെയ്യാനോ കഴിയില്ലെന്നിരിക്കെയാണ് സംഭവം വിവാദമായത്. മതഗ്രന്ഥത്തിന്റെ പേരില്‍ കെ.ടി ജലീല്‍ സ്വര്‍ണം കടത്തിയെന്നാണ് പ്രതിപക്ഷാരോപണം.