Skip to main content

സ്വര്‍ണ്ണക്കടത്തിന് പിന്നിലെ ബിനാമി ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സാവകാശം വേണമെന്ന ബിനീഷ് കോടിയേരിയുടെ ആവശ്യം ഇ.ഡി തള്ളിയിരുന്നു. 6 ദിവസത്തെ സാവകാശമയിരുന്നു ബിനീഷ് ആവശ്യപ്പെട്ടത്. ഇന്ന് തന്നെ ഹാജരാകണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് പറഞ്ഞ സമയത്തിനു മുമ്പെ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാവാനായിരുന്നു നോട്ടീസ്.

യു.എ.ഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങള്‍ ചെയ്തിരുന്ന യു.എ.എഫ്.എക്‌സ് കമ്പനി, ബിനീഷിന്റെ പേരില്‍ ബാംഗ്ലൂരില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കമ്പനികള്‍ എന്നിവയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

തിരുവനന്തപുരത്തെ യു.എ.എഫ്.എക്സ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തില്‍ നിന്ന് തനിക്ക് കമ്മീഷന്‍ ലഭിച്ചുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. സ്ഥാപനത്തിലെ ഡയറക്ടര്‍മാരിലൊരാളായിട്ടുള്ള അബ്ദുള്‍ ലത്തീഫും ബിനീഷ് കോടിയേരിയും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്ന വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപെടലുകള്‍ നടത്തിയെന്ന വിവരവുമുണ്ട്. ഇതടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്.