Skip to main content

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഭാരപരിശോധന നടത്താന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് മേല്‍പ്പാല നിര്‍മ്മാണത്തിലെ കണ്‍സള്‍ട്ടന്റായ കിറ്റ്കോ സുപ്രിംകോടതിയില്‍. തല്‍സ്ഥിതി ഉത്തരവ് ഭേദഗതി ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഭാരപരിശോധന ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ഫെബ്രുവരിയോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമായിരുന്നുവെന്നും കിറ്റ്കോ സുപ്രിംകോടതിയെ അറിയിച്ചു.

ഭാരപരിശോധന നടത്താതെ മേല്‍പ്പാലം പുതുക്കിപണിയാനാണ് ശ്രമം. അതിന്റെ ഭാഗമാണ് തല്‍സ്ഥിതി ഉത്തരവ് ഭേദഗതി ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം. ഭാരപരിശോധന നടത്താതെ ഗര്‍ഡറുകളും സ്ലാബുകളും തകര്‍ത്താല്‍ മേല്‍പ്പാലത്തിന്റെ ബലം കണക്കാക്കാനുള്ള അവസരമാണ് നഷ്ടമാകുന്നതെന്നും കിറ്റ്കോ സുപ്രിംകോടതിയെ അറിയിച്ചു.

ഭാരപരിശോധന നടത്താന്‍ കഴിയാത്ത വിധം പാലം അപകടാവസ്ഥയിലാണെന്നും പൊതുസുരക്ഷ കണക്കിലെടുക്കാതെയാണ് ഹൈക്കോടതിയുടെ ഉത്തരവെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. കേസില്‍ സെപ്റ്റംബര്‍ ഇരുപത്തിരണ്ടിന് അന്തിമവാദം കേള്‍ക്കാമെന്നാണ് കോടതി നിലപാട്.