Skip to main content

കേരളത്തില്‍ ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1059 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 298 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

തിരുവനന്തപുരം 227, മലപ്പുറം 191, എറണാകുളം 161, കോഴിക്കോട് 155, തൃശ്ശൂര്‍ 133, കണ്ണൂര്‍ 77, കോട്ടയം 62, പാലക്കാട് 42, ആലപ്പുഴ 32, കൊല്ലം 25, കാസര്‍കോട് 15, പത്തനംതിട്ട 12, വയനാട് 8 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 22,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,653 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 6, തൃശൂര്‍ ജില്ലയിലെ 5, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ 2 വീതവും, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 9 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,96,582 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,488 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,094 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1466 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 580 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.