Skip to main content

പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. വി.ഡി സതീശന്‍ എം.എല്‍.എയാണ് പ്രമേയം അവതരിപ്പിച്ചത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഈ സഭ അവിശ്വാസം രേഖപ്പെടുത്തുന്നു എന്നായിരുന്നു പ്രമേയം. സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഭരണത്തിന്റെ കപ്പിത്താനാണ് മുഖ്യമന്ത്രിയെന്നും ദൗര്‍ഭാഗ്യവശാല്‍ ചുഴലിയില്‍പ്പെട്ട അവസ്ഥയിലാണ് സര്‍ക്കാരെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൃത്യമായ പ്ലാന്‍ നടക്കുന്നുണ്ട്. കേരളത്തിന്റെ പ്രബലമായ, മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇതിന് ഉപയോഗിച്ചത്. സര്‍ക്കാരിന്റെ വകുപ്പുകള്‍ കൈയിലിട്ട് അമ്മാനമാടുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തന്നെ കള്ളക്കടത്തുകാര്‍ കൈയിലാക്കി. 

മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന വകുപ്പില്‍ പിന്‍വാതിലിലൂടെ നിയമനം നടക്കുമ്പോഴും മുഖ്യമന്ത്രി അത് അറിഞ്ഞില്ലെന്ന് പറയുന്നു. ആര്‍ക്കും വരുതിയില്‍ ആക്കാന്‍ പറ്റുന്ന ഓഫീസായി, മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു.ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. മന്ത്രി കെ ടി ജലീലിനെതിരെ ആഞ്ഞടിച്ച സതീശന്‍, കള്ളക്കടത്തിന് വിശുദ്ധ ഗ്രന്ഥമല്ല മറയാക്കേണ്ടതെന്നും തുറന്നടിച്ചു.